കോട്ടയം: സഹായം അഭ്യർഥിച്ചു പോലീസ് സ്റ്റേഷനിലേക്കു വന്ന ഫോണ്‍കോൾ അന്വേഷിച്ചു പോയ പോലീസ് ഉദ്യോഗസ്ഥനും വാഹനത്തിനും നേരേ ആക്രമണം.
പിടിയിലായ അക്രമി ജിപ്പിലേക്കു വലിച്ചെറിഞ്ഞ കല്ല് വീണു പോലീസ് വാഹനത്തിന്റെ പിന്നിലെ ചില്ല് പൊട്ടി. വടവാതൂർ സ്വദേശിയായ അക്രമിക്കെതിരെ പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. കഞ്ഞിക്കുഴി ജംഗ്ഷനിൽ ഇന്നലെ രാത്രി 11:30നാണ് സംഭവം.
ഒരു യുവാവ് തങ്ങളുടെ കടയിൽ കയറി അസഭ്യം പറയുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്യുന്നുവെന്നു പറഞ്ഞാണ് ഈസ്റ്റ് പോലീസ് സ്റ്റേഷനിലേക്ക് ഫോണ്‍ കോളെത്തിയത്.
ഇതന്വേഷിക്കാൻ എസ്ഐ കെ.എം. മഹേഷ് കുമാറും ഡ്രൈവറുമാണു കടയിൽ എത്തിയത്. ഫോണിൽ പറഞ്ഞതനുസരിച്ചുള്ള അടയാളങ്ങൾവച്ചു പ്രശ്നക്കാരനായ യുവാവിനെ പിടികൂടി ജീപ്പിൽ കയറ്റി.
അടുത്ത നിമിഷം യുവാവ് ജീപ്പിൽ നിന്നിറങ്ങി വഴിയിൽ കിടന്ന കല്ലെടുത്ത് ഉദ്യോഗസ്ഥർക്കും വാഹനത്തിനും നേരേയെറിഞ്ഞശേഷം ഓടി രക്ഷപ്പെട്ടു. ജീപ്പിന്റെ പിൻഭാഗത്തെ ചില്ല് പൊട്ടിയെങ്കിലും ഉദ്യോഗസ്ഥർക്ക് പരിക്കേറ്റില്ല.
അയാൾക്കു പിന്നാലെ ഓടി പിടിക്കാൻ ശ്രമിച്ചെങ്കിലും പോലീസിനെ വെട്ടിച്ച് അയാൾ കടന്നുകളഞ്ഞു. കഞ്ചാവ് സംഘത്തിലെ കണ്ണിയാണെന്ന നിഗമനത്തിലാണു പോലീസ്. ഏകദേശം 20 വയസ് പ്രായം വരുന്ന യുവാവിനായി തെരച്ചിൽ ആരംഭിച്ചു.