പുതുക്കാട്: ഫോണിൽ സംസാരിച്ചെന്നു പറഞ്ഞ് സ്കൂട്ടർ യാത്രികനായ ദളിത് യുവാവിനെ തടഞ്ഞു നിർത്തി വരന്തരപ്പിള്ളി പോലീസിന്റെ അതിക്രമം.
മകളെ ആശുപത്രിയിൽ കൊണ്ടുപോകാൻ അനുവദിച്ചില്ലെന്നും പരാതി. നന്തിപുലം സ്വദേശി കൈപ്പുള്ളി കൃഷ്ണകുമാറിനാണ് ദുരനുഭവം.
കഴിഞ്ഞ 16നായിരുന്നു പരാതിക്കിടയാക്കിയ സംഭവം. വീട്ടിൽ സുഖമില്ലാതിരുന്ന മകളെ ആശുപത്രിയിൽ കൊണ്ടുപോകാൻ ജോലി സ്ഥലത്തുനിന്നു രൂപ വാങ്ങി വരുന്നതിനിടെ വാഹന പരിശോധന നടത്തിയിരുന്ന എസ്ഐ തോമസിന്റെ നേതൃത്വത്തിലുള്ള സംഘം തടയുകയായിരുന്നു.
മകളാണ് വിളിച്ചതെന്നും സുഖമില്ലാതിരിക്കുകയാണെന്നും പറഞ്ഞിട്ടും എസ്ഐ വഴങ്ങിയില്ലെന്നും 2000 രൂപ പിഴയിട്ടതായും ലൈസൻസ് സ്റ്റേഷനിലെത്തി കൈപ്പറ്റാനുമായിരുന്നു എസ്ഐ യുടെ നിർദേശം.
റോഡരികിൽ സ്കൂട്ടർ നിർത്തിയാണ് സംസാരിച്ചതെന്നും സ്റ്റാർട്ട് ചെയ്ത ശേഷം വീണ്ടും വിളിച്ചപ്പോൾ ഫോണ് എടുത്ത് നോക്കുക മാത്രമാണ് ചെയ്തതെന്നും ഇയാൾ പോലീസിനോട് പറഞ്ഞു.
ഇതിനിടെ മകൾ വീണ്ടും വിളിച്ചപ്പോൾ കൃഷ്ണകുമാർ മൊബൈൽ ഫോണ് എസ്ഐയെ കാണിച്ചു.
അപ്പോൾ നിന്റെ മകളുടെ കാര്യം നോക്കലല്ല പോലീസിന്റെ പണിയെന്നായിരുന്നു എസ്ഐയുടെ മറുപടി. തുടർന്ന് മകളെ ആശുപത്രിയിൽ കാണിച്ച ശേഷം സ്റ്റേഷനിൽ എത്താൻ പറഞ്ഞാണ് ഇയാളെ വിട്ടയച്ചത്.
മുപ്ലിയം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഡോക്ടറെ കാണിച്ച ശേഷം മകളോടൊപ്പം സ്റ്റേഷനിലെത്തിയപ്പോൾ ലൈസൻസ് പോലീസ് പിടിച്ചെടുത്തതല്ലെന്നും വഴിയിൽ കളഞ്ഞുകിട്ടിയ ലൈസൻസ് ആരോ സ്റ്റേഷനിലേൽപിച്ചതാണെന്നും പുക പരിശോധന സർട്ടിഫിക്കറ്റ് പിന്നീട് എടുത്തതാണെന്നും പറഞ്ഞ് പിന്നെയും ഏറെനേരം സ്റ്റേഷനിൽ നിർത്തിയെന്നും കൃഷ്ണകുമാർ പറയുന്നു.
ബുദ്ധിമുട്ടുന്നവരെ സഹായിക്കേണ്ടത് പോലീസിന്റെ കടമയല്ലേ എന്ന് ചോദിച്ചപ്പോൾ നീ നിയമം പഠിപ്പിക്കുകയാണോ എന്ന് ചോദിച്ച് തട്ടിക്കയറിയതായും അസഭ്യം പറഞ്ഞതായും പരാതിയിൽ പറയുന്നു.
സംഭവത്തിൽ മുഖ്യമന്ത്രി, ഡിജിപി എന്നിവർക്കു കൃഷ്ണകുമാർ പരാതി നൽകി.