സ്വന്തം ലേഖകൻ
കൊല്ലം : ഇരുചക്ര വാഹനങ്ങളിൽ നിന്ന് ഇന്ധനം മോഷ്ടിച്ചവരെ തൊണ്ടി സഹിതം പിടികൂടി കൈമാറിയിട്ടും അവരെ രഹസ്യമായി വിട്ടയച്ചതിൽ ഈസ്റ്റ് പോലീസ് നൽകുന്ന വിശദീകരണം വിചിത്രം.
റെയിൽവേ പോലീസ് തടഞ്ഞുവച്ച് കൈമാറിയ പ്രതികൾക്ക് പ്രായപൂർത്തിയാകാത്തതിനാൽ കേസെടുക്കാതെ വിട്ടയച്ചു എന്നാണ് ഇപ്പോൾ ഈസ്റ്റ് പോലീസ് പറയുന്നത്.
സിറ്റി പോലീസ് കമ്മീഷണർ റ്റി. നാരായണന്റെ നിർദേശാനുസരണം കൊല്ലം ഡിവൈഎസ്പി ജി.ഡി. വിജയകുമാറാണ് കേസ് അന്വേഷിക്കുന്നത്.
മോഷണം സംബന്ധിച്ച് പോലീസിൽ പരാതി നൽകുകയും പിന്നീട് സ്റ്റേഷനിൽ ഇതു സംബന്ധിച്ച് വിവരം അന്വേഷിച്ച് എത്തിയ വ്യക്തിയുമായ കൊല്ലം മങ്ങാട് സ്വദേശി ജെ. ലിയോൺസിൽ നിന്ന് കഴിഞ്ഞ ദിവസം എസിപിയുടെ ഓഫീസിൽ വിശദമായ മൊഴി എടുത്തു.
ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ ജിഡി ഇൻ ചാർജിന്റെ മോശം പെരുമാറ്റം അടക്കമുള്ള കാര്യങ്ങളിൽ ലിയോൺസ് വിശദമായ മൊഴിയാണ് അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ നൽകിയിട്ടുള്ളത്.
അടുത്ത ദിവസം മോഷ്ടാക്കളെ പിടികൂടിയ റെയിൽവേ പോലീസിൽ നിന്നും മൊഴി രേഖപ്പെടുത്തുമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ സൂചിപ്പിച്ചു.
റെയിൽവേ എസ്ഐയിൽ നിന്നും വിശദാംശങ്ങൾ ആരായും.അതേ സമയം പ്രസ്തുത സംഭവത്തിൽ ഈസ്റ്റ് പോലീസ് നൽകുന്ന വിശദീകരണത്തിൽ ഒത്തിരി പൊരുത്തക്കേടുകൾ ഉള്ളതായി ഉന്നത പോലീസ് ഉദ്യോഗസ്ഥർ തന്നെ ചൂണ്ടിക്കാണിക്കുന്നു.
മോഷ്ടാക്കളെ റെയിൽവേ പോലീസ് കൈമാറി ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ കൊണ്ടുവന്ന കാര്യം ജിഡിയിൽ രേഖപ്പെടുത്തിയിട്ടില്ല.
രണ്ടുപേരെയാണ് അഞ്ച് കുപ്പി പെട്രോൾ സഹിതം റെയിൽവേ പോലീസ് കൈമാറിയത്. കുപ്പികൾ ബാഗിലാണ് സൂക്ഷിച്ചിരുന്നത്.
ബാഗിനും കുപ്പികൾക്കും എന്തു സംഭവിച്ചു എന്ന കാര്യത്തിലും ഈസ്റ്റ് പോലീസിന് ഉത്തരമില്ല.
പിടിയിലായവർ പ്രായപൂർത്തി ആകാത്തവരാണങ്കിൽ അവർക്കെതിരേ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം എഫ്ഐആർ എടുത്ത് ജുവനെൽ കോടതിയിൽ ഹാജരാക്കണം. അതും ചെയ്തിട്ടില്ല.
പിടിയിലായവരുടെ ദേഹ പരിശോധനയും നടത്തേണ്ടതുണ്ട്. ഇവരുടെ പക്കൽ പണമോ മറ്റ് വിലപിടിപ്പുള്ള സാധനങ്ങളോ ഉണ്ടെങ്കിൽ അതും രേഖപ്പെടുത്തണം.
ഒരു പക്ഷേ അന്വേഷണത്തിൽ നിരപരാധികളെന്ന് ബോധ്യപ്പെട്ടാൽ വിട്ടയക്കുന്നതിനും ചില വ്യവസ്ഥകൾ ഉണ്ട്.
ഇതൊന്നും മോഷ്ടാക്കളുടെ കാര്യത്തിൽ പാലിക്കപ്പെട്ടിട്ടില്ല. മാത്രമല്ല ഇവരെ കസ്റ്റഡിയിൽ എടുത്ത വിവരം ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവർ മേലുദ്യോഗസ്ഥരെ അറിയിച്ചോ എന്ന കാര്യത്തിലും വ്യക്തതയില്ല. ഈ വിഷയത്തിൽ ഒത്തിരി കാര്യങ്ങൾ ദുരൂഹമാണ്.
ബൈക്കിൽ നിന്ന് പെട്രോൾ നഷ്ടപ്പെട്ടയാൾ പരാതി നൽകിയിട്ടില്ല എന്നതാണ് മോഷ്ടാക്കളെ വിട്ടയച്ചതിന് ഈസ്റ്റ് പോലീസ് പറയുന്ന മറ്റൊരു കാരണം.
ഇവരെ പിടികൂടുന്നതിന് രണ്ട് ദിവസം മുമ്പ് തന്നെ പെട്രോൾ മോഷണം സംബന്ധിച്ച് ഈസ്റ്റ് പോലീസിൽ ജെ. ലിയോൺസ് നേരിട്ടെത്തി പരാതി നൽകിയിരുന്നു.
ഈ പരാതിക്ക് കൃത്യമായി രസീത് നൽകാൻ പോലും എസ്എച്ച്ഒയുടെ ഭാഗത്ത് നടപടി ഉണ്ടായതുമില്ല.
ഒരാഴ്ച കഴിഞ്ഞ് രസീത് ആവശ്യപ്പെട്ടപ്പോഴാണ് പരാതിക്കാരനോട് ജിഡി ഇൻ ചാർജ് മോശമായി പെരുമാറിയത്.
പരാതിക്കാരന് രസീത് നൽകേണ്ടതും എസ്എച്ച്ഒയുടെ ഉത്തരവാദിത്വമാണ്. അതും സ്റ്റേഷനിൽ ലംഘിക്കപ്പെട്ടു.
കഴിഞ്ഞ 20 – ന് രാത്രി 11.30 നാണ് രണ്ട് യുവാക്കളെ തൊണ്ടി മുതൽ സഹിതം റെയിൽവേ പോലീസ് ഈസ്റ്റ് പോലീസിനെ ഏൽപ്പിച്ചത്.
അന്ന് രാത്രി ഈസ്റ്റ് പോലീസിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന എല്ലാ ഉദ്യോഗസ്ഥരിൽ നിന്നും അന്വേഷണത്തിന്റെ ഭാഗമായി മൊഴിയെടുക്കും.
അന്നത്തെ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കും. ഇത്തരം സംഭവങ്ങൾ ഉണ്ടായാൽ സ്റ്റേഷൻ എസ്എച്ച്ഒയ്ക്കാണ് പൂർണ ഉത്തരവാദിത്വം.
അതുകൊണ്ട് തന്നെ ഈസ്റ്റ് സിഐയിൽ നിന്നും അന്വേഷണത്തിന്റെ ഭാഗമായി മൊഴി രേഖപ്പെടുത്തും.
മോഷ്ടാക്കളെ ഈസ്റ്റ് സ്റ്റേഷനിൽ കൊണ്ടു വന്ന് ഇരുത്തിയിരിക്കുന്ന ഫോട്ടോകൾ റെയിൽവേ പോലീസിന്റെ കൈവശമുണ്ട്. ഇത് തന്നെയാണ് ഈ സംഭവത്തിലെ നിർണായക തെളിവ്.
മോഷ്ടാക്കളെ ഈസ്റ്റ് പോലീസ് കേസെടുക്കാതെ വിട്ടയച്ചതിന്റെ മാധ്യമ വാർത്തകൾ ബന്ധപ്പെട്ടവർ സംസ്ഥാന പോലീസ് മേധാവി അനിൽ കാന്തിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്.
അദ്ദേഹം ഇതു സംബന്ധിച്ച് സിറ്റി പോലീസ് കമ്മീഷണറോട് വിശദീകരണവും ആവശ്യപ്പെട്ടിട്ടുണ്ട്.
സംഭവത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർ അടക്കമുള്ളവർക്ക് എതിരേ കർശന നടപടി ഉണ്ടാകുമെന്നാണ് പോലീസ് ആസ്ഥാനത്ത് നിന്ന് ലഭിക്കുന്ന സൂചനകൾ.