പാലക്കാട്: പോലീസ് വേഷത്തിലെത്തി വ്യവസായികളെ ആക്രമിച്ച് തട്ടിയെടുത്ത കാർ തമിഴ്നാട്ടിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കോയന്പത്തൂർ കോവിൽപാളയം ദേശീയ പാതയോരത്തെ കുറ്റിക്കാട്ടിലാണ് കാർ കണ്ടെത്തിയത്.
തമിഴ്നാട് പോലീസിൽനിന്നു വിവരം ലഭിച്ചതിനെതുടർന്ന് കേസ് അന്വേഷിക്കുന്ന കസബ പോലീസ്സംഘം കാർ ഏറ്റെടുത്തു.
മരുതറോഡ് മലന്പുഴ ബ്ലോക്ക് പഞ്ചായത്തിനു സമീപം പന്ത്രണ്ടാം തിയതി പുലർച്ചെയാണ് സംഭവം.
കുന്നത്തൂർമേട് ഇന്ദിരാനഗർ സ്വദേശിയായ നവനീത് (28), കാവിൽപ്പാട് ഉല്ലാസ്നഗർ സ്വദേശി മുനീർ (45) എന്നിവരെയാണ് പോലീസ് വേഷത്തിലെത്തിയവർ മർദിച്ച് കാർ തട്ടിയെടുത്തത്.
ഇലക്ട്രോണിക്സ് ആൻഡ് പ്രിന്റിംഗ് കന്പനി നടത്തുന്ന ഇരുവരും ബിസിനസ് ആവശ്യത്തിനായി തിരുപ്പൂരിൽ പോയി മടങ്ങിവരുന്പോഴായിരുന്നു സംഭവം.
രണ്ടുകാറുകളിലായാണ് അക്രമികൾ എത്തിയത്. പോലീസ് ആണെന്നു കരുതി കാർ നിർത്തി ചില്ലുതാഴ്ത്തിയപ്പോൾ കുരുമുളക് സ്പ്രേ മുഖത്തടിച്ച് മർദിച്ച് കാർ തട്ടിയെടുത്ത് കടന്നുകളയുകയായിരുന്നു.
വളരെ ആസൂത്രിതമായാണ് കവർച്ച നടത്തിയതെന്ന് പോലീസ് പറഞ്ഞു. വ്യവസായികൾ തിരുപ്പൂരിലേക്ക് പോകുന്പോഴും വരുന്പോഴും കൊള്ളസംഘം നിരീക്ഷണം നടത്തിയിരുന്നു. ജനവാസം കുറഞ്ഞ സ്ഥലത്തുവെച്ചാണ് ആക്രമണം നടത്തിയത്.
പണമോ വിലപിടിപ്പുള്ള എന്തെങ്കിലുമോ പ്രതീക്ഷിച്ച് അക്രമണം നടത്തിയതാണെന്നാണ് പോലീസ് നിഗമനം. പ്രതികളെ കുറിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ല.
കസബ ഇൻസ്പെക്ടർ എൻ.എസ് രാജീവ്, എസ്ഐമാരായ വിപിൻ കെ. വേണുഗോപാൽ, വി. ജലീൽ എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്.