തൊടുപുഴ: രാവിലെ തുറന്ന കടയിൽ നിന്ന് ചെരിപ്പു വാങ്ങിയ ശേഷം കടയടപ്പിച്ച് പോലീസിന്റെ കൃത്യനിർവഹണം . ഇന്നലെ തൊടുപുഴ കാഞ്ഞിരമറ്റം ബൈപാസിലെ ചെരിപ്പുകടയിലാണ് സംഭവം.
ലോക്ഡൗണിൽ അടഞ്ഞുകിടക്കേണ്ട ചെരുപ്പുകട തുറന്നതു കണ്ട പോലീസ് അവിടെ നിന്ന് ആദ്യം ചെരുപ്പ് വാങ്ങുകയും തൊട്ടു പിന്നാലെ കടയടക്കാൻ നിർദേശം നൽകുകയുമായിരുന്നു.
ഇന്നലെ ഉച്ചയ്ക്കു ശേഷമാണ് തൊടുപുഴ സിഐയുടെ നേതൃത്വത്തിലെ പോലീസ് സംഘം കടയിൽ എത്തിയത്. രണ്ടു പേർ കടയ്ക്കുള്ളിൽ കയറുകയും ചെരുപ്പ് വാങ്ങുകയുമായിരുന്നു.
ഇതിനിടെ രണ്ട് എക്സൈസ് ഉദ്യോഗസ്ഥരും യൂണിഫോമിലെത്തി ചെരുപ്പ് വാങ്ങി. എന്നാൽ ചെരുപ്പ് വാങ്ങാനെത്തിയ ഒരു പെണ്‍കുട്ടിയെ കടയ്ക്കകത്തേക്ക് കയറ്റിവിട്ടില്ല.
കടകൾ അടച്ചിടാൻ കളക്ടറുടെ നിർദേശമുണ്ടെന്നും കട അടയ്ക്കണമെന്നും ഉടമയെ അറിയിച്ചു. ഉടൻ ജീവനക്കാർ കടയടച്ച് മടങ്ങുകയുമായിരുന്നു.
അളവുനോക്കി തിരഞ്ഞെടുക്കുന്നതിനാൽ ഒരേ പാദരക്ഷകൾ തന്നെ പലരും ഉപയോഗിച്ചു നോക്കുന്നത് രോഗവ്യാപനത്തിന് ഇടയാക്കുമെന്നതിനാലാണ് ചെരുപ്പുകടകൾക്ക് അനുമതി നൽകാത്തത്.
മൂന്നാംഘട്ട ലോക്ക് ഡൗണ്‍ ആരംഭിച്ചശേഷം നഗരത്തിലെ മിക്ക ചെരുപ്പ് കടകളും തുറന്നു പ്രവർത്തിച്ചിരുന്നു. എന്നാൽ രണ്ടു ദിവസമായി എല്ലാ ചെരിപ്പുകടകളും പോലീസ് നിർബന്ധമായി അടപ്പിക്കുകയാണ്.