കോഴിക്കോട്: മദ്യലഹരിയിൽ ഔദ്യോഗിക വാഹനത്തിൽ മൂത്രമൊഴിക്കുകയും അസഭ്യം പറയുകയും ചെയ്ത ക്രൈംബ്രാഞ്ച് എസ്പിക്കു സസ്പെൻഷൻ. വയനാട്, കോഴിക്കോട് ജില്ലകളുടെ ചുമതലയുളള ക്രൈംബ്രാഞ്ച് എസ്പി എസ്. അനിൽകുമാറിനെയാണു സസ്പെൻഡ് ചെയ്തത്. സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ടിന്റെയും ക്രൈംബ്രാഞ്ച് എഡിജിപിയുടെ നിർദേശപ്രകാരം നടത്തിയ അന്വേഷണത്തിന്റെയും അടിസ്ഥാനത്തിലാണ് സർക്കാർ നടപടി സ്വീകരിച്ചത്.
രണ്ടു മാസം മുന്പായിരുന്നു സസ്പെൻഷന് ആസ്പദമായ സംഭവം. സഹപ്രവർത്തകന്റെ സഹോദരന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ എന്ന പേരിൽ ഔദ്യോഗിക വാഹനത്തിൽ കോഴിക്കോട്ടുനിന്നു തിരുവനനന്തപുരത്തേക്കു പോയ എസ്പി, യാത്രയിലുടനീളം വാഹനത്തിലിരുന്നു മദ്യപിക്കുകയും പുക വലിക്കുകയും ഛർദിക്കുകയും മൂത്രമൊഴിക്കുകയും ചെയ്തെന്നാണ് ആരോപണം.