കോഴിക്കോട്: സ്വകാര്യബസുകാര്ക്കെതിരേ നടപടി സ്വീകരിച്ച പോലീസിനെ മുഖ്യമന്ത്രിയുടേയും സിഐടിയുവിന്റെയും സിപിഎമ്മിന്റെയും പേരില്‍ ഭീഷണിപ്പെടുത്തിയ സംഭവം അന്വേഷിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം. വിശദമായ അന്വേഷണം നടത്തി പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് നിര്‍ദേശിച്ചത്.
മുഖ്യമന്ത്രിയുടെ പേര് പറഞ്ഞ് പോലീസിനെ ഭീഷണിപ്പെടുത്തിയത് ക്രിമിനല്‍ കേസാണ്. കൂടാതെ സിഐടിയുവിന്റെയും സിപിഎമ്മിന്റെയും ഭാരവാഹിയാണെന്ന് പറഞ്ഞ് ആള്‍മാറാട്ടം നടത്തി വിളിച്ചതും ക്രിമിനല്‍ കേസാണ്. ഈ രണ്ടു വകുപ്പുകളും ചേര്‍ത്ത് കേസെടുത്ത് നടപടി സ്വീകരിക്കാനാണ് പോലീസ് തീരുമാനിച്ചത്. മുക്കം അരീക്കോട് ചെറുവായൂര്‍ സ്വദേശി ബൈജുവായിരുന്നു ഭീഷണിപ്പെടുത്തി ഫോണ്‍ വിളിച്ചത്.
പോലീസിനെ ഭീഷണിപ്പെടുത്തിയത് സംബന്ധിച്ച് ‘രാഷ്ട്ര ദീപിക’ വാര്‍ത്തയെ തുടര്‍ന്നാണ് ആഭ്യന്തരവകുപ്പിന്റെ നിര്‍ദേശം. അതിനിടെ , പോലീസിന് തെറ്റുപറ്റിയിട്ടില്ലെന്ന് ഉടമകൾക്ക് ബോധ്യമായിട്ടും ഒരുവിഭാഗം തൊഴിലാളികളുടെ വാശിയിൽ ഇന്ന് കിഴക്കൻ മേഖലയിൽ സൂചനാ പണിമുടക്ക് നടക്കുകയാണ്. അനാവശ്യ സമരത്തിനെതിരെ യാത്രക്കാർ രംഗത്തെത്തിയിട്ടുണ്ട്.
രണ്ടരലക്ഷം രൂപ നല്കിയാല് മുക്കം മേഖലയിലെ സ്വകാര്യ ബസുകാര് നടത്തുന്ന സൂചനാപണിമുടക്ക് ഒഴിവാക്കാമെന്നു പറഞ്ഞാണ് സിഐടിയു തിരുവന്പാടി ഏരിയ സെക്രട്ടറിയുടെ പേരില്‍ ഭീഷണികോള്‍ ചെയ്തത് . സിഐടിയു ഏരിയസെക്രട്ടറിയാണെന്നും ജില്ലാ കമ്മിറ്റി അംഗമാണെന്നും പിണറായി വിജയനാണ് ഭരിക്കുന്നതെന്നും പറഞ്ഞുകൊണ്ടാണ് 9745145956 നന്പറില്‍ നിന്നായിരുന്നു കസബ പോലീസിനെ ഭീഷണിപ്പെടുത്തിയത്.
നഷ്ടപരിഹാരം വാങ്ങി തരാമെന്നും സമരം പ്രഖ്യാപിക്കണമെന്നും തൊഴിലാളികളോട് ആവശ്യപ്പെടുകയായിരുന്നുവെന്നാണ് പോലീസിന് ലഭിച്ച വിവരം. ഇയാളുടെ നിര്‍ദേശപ്രകാരമാണ് ബസ്ഡ്രൈവറായ സുബൈറിനെ പോലീസ് ലോക്കപ്പില്‍ വച്ച് മര്‍ദിച്ചതായി വരുത്തി തീര്‍ക്കാനും ശ്രമം നടന്നതെന്നാണ് പറയുന്നത്. അതേ സമയം യഥാർഥ സിഐടിയു തിരുവന്പാടി ഏരിയ സെക്രട്ടറി ഇക്കാര്യം അറിഞ്ഞിട്ടുപോലുമില്ല.
ഇക്കഴിഞ്ഞ ദിവസമാണ് സംഭവം. തിരുവമ്പാടി സിഐടിയു തിരുവമ്പാടി ഏരിയാസെക്രട്ടറിയാണെന്നു പറഞ്ഞായിരുന്നു ബൈജു സ്റ്റേഷനിലേക്ക് വിളിച്ചത്. ദമ്പതികളോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ പോലീസ് കേസെടുത്ത സ്വകാര്യബസിന്റെ ഡ്രൈവര്‍ ഓമശ്ശേരി പൂവ്വംപറമലയില് എന്‍.കെ. സുബേറിനെ(38) പോലീസ് മര്‍ദിച്ചെന്നും അതിന് നഷ്ടപരിഹാരമായി രണ്ടരലക്ഷം രൂപ നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഫോണ്‍കോള്‍.
സ്വകാര്യ ബസ് ഡ്രൈവറെ മര്‍ദിച്ചെന്ന് പറയുന്നതല്ലാതെ ബസ് ഡ്രൈവറുടെ പേരുപോലും ഇയാള്‍ക്കറിയില്ലായിരുന്നു. നെടുങ്കണ്ടം ഉരുട്ടികൊലപാതകം ഓര്‍മയില്ലേയെന്നും ഈ വിഷയം ഗൗരവമാണെന്നും പറഞ്ഞാണ് ഇയാള്‍ ഫോണ്‍ ചെയ്തത്. ജനകീയ സര്‍ക്കാര്‍ ഭരിക്കുന്ന സമയമാണിതെന്നും പിണറായിയാണ് നയിക്കുന്നതെന്നും പറഞ്ഞ് എസ്ഐയെ ഭീഷണിപ്പെടുത്തുകയായിരുന്നു.
അതേസമയം ഇന്ന് താമരശേരി, കൊടുവള്ളി, മുക്കം, തിരുവമ്പാടി, നരിക്കുനി, ഓമശേരി റൂട്ടുകളിലെ സര്‍വീസ് സംയുക്ത തൊഴിലാളി സമരസമിതിയുടെ ആഭിമുഖ്യത്തില്‍ നിര്‍ത്തി വച്ചിരിക്കുകയാണ്. മാവൂർ റൂട്ടിൽ ല്‍ ബസ് സര്‍വീസ് പതിവുപോലെ നടക്കുന്നുണ്ടെന്ന് പോലീസ് അറിയിച്ചു.
കുന്നമംഗലം വഴിയുള്ള ഒറ്റ സ്വകാര്യ ബസും ഓടുന്നില്ല. ഈ ഭാഗങ്ങളിൽ കെഎസ്ആര്‍ടിസി അധിക സര്‍വീസും നടത്തുന്നുണ്ട്. ആള്‍മാറാട്ടം നടത്തി പോലീസിനെ ഭീഷണിപ്പെടുത്തിയ സംഭവം വിവാദമായതിനു തൊട്ടുപിന്നാലെ സംഭവത്തെ കുറിച്ചറിയാന്‍ ബസ് ഉടമകള്‍ പോലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു.
പോലീസ് മര്‍ദിച്ചിട്ടില്ലെന്നും ബസ് ഡ്രൈവറായ സുബൈര്‍ ആസൂത്രിതമായാണ് പോലീസ് മര്‍ദനം നടത്തിയതായി ആരോപിക്കുന്നതെന്നും സിസിടിവി ദൃശ്യങ്ങള്‍ സഹിതം പോലീസ് ഉടമകളെ ബോധ്യപ്പെടുത്തി.
വസ്തുതകള്‍ മനസിലാക്കിയ ബസുടമകളില്‍ ചിലര്‍ സര്‍വീസ് നടത്താന്‍ തീരുമാനിച്ചു. എന്നാല്‍ സമരം പ്രഖ്യാപിച്ച തൊഴിലാളികള്‍ ഇതില്‍ നിന്ന് പിന്മാറാന് തയാറായില്ല. തുടര്‍ന്നാണ് ഇന്ന് സമരവുമായി ഇവര്‍ മുന്നോട്ടുപോവുന്നത്. അതേസമയം ബസ് സമരം ജനദ്രോഹപരമാണെന്ന് യാത്രക്കാരും പറഞ്ഞു.