തിരുവനന്തപുരം: എഡിജിപി സുദേഷ് കുമാറിന്റെ മകളുടെ മര്‍ദ്ദനമേറ്റ ഡ്രൈവര്‍ ഗവാസ്‌കറാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ വീട്ടിലെ അടിമപ്പണിയെക്കുറിച്ച് പുറംലോകത്തെ അറിയിക്കുന്നത്. അതിനു പിന്നാലെ പലരും തങ്ങള്‍ അനുഭവിച്ച അടിമപ്പണിയെക്കുറിച്ച് തുറന്നു പറഞ്ഞ് രംഗത്തു വന്നിരുന്നു. നിലവില്‍ പോലീസിലെ 6000 പേരോളം ചെയ്യുന്നത് കാക്കി കുപ്പായമിട്ട് ചെയ്യരുതാത്ത കാര്യങ്ങളാണെന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.
പോലീസ് യൂണിഫോമില്‍ പോലീസിന്റേതല്ലാത്ത ജോലി ചെയ്യേണ്ടി വരുന്ന ഇത്തരക്കാര്‍ കടുത്ത മാനസീക സമ്മര്‍ദ്ദത്തില്‍ ആണെന്നും വര്‍ഷംതോറും സേനയില്‍ ഏഴു പോലീസുകാര്‍ വീതം ആത്മഹത്യ ചെയ്യുന്നതായുമാണ് പറഞ്ഞിരിക്കുന്നത്. മാനസീക പീഡനം സഹിക്കുന്ന പലരും ഉന്നതപോലീസ് ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും പേഴ്സണല്‍ സെക്യൂരിറ്റി ഓഫീസര്‍മാരായി ജോലി ചെയ്യുന്നവരാണ്.
കഴിഞ്ഞ വര്‍ഷം അദര്‍ഡ്യൂട്ടിയെന്ന് പറഞ്ഞ് ഉദ്യോഗസ്ഥര്‍ക്കൊപ്പം കറങ്ങി നടക്കുന്നവരുടേയും വീട്ടുജോലി ചെയ്യുന്നവരുടെയും വിവരം അന്വേഷിക്കാന്‍ മുഖ്യമന്ത്രി ടോമിന്‍ ജെ തച്ചങ്കരിയെ ചുമതലപ്പെടുത്തിയിരുന്നു. ഇതനുസരിച്ച് അനാവശ്യമായി പോലീസിനെ കൊണ്ടുനടക്കുന്ന 60 ഐപിഎസുകാരുടെ വിവരവും തച്ചങ്കരി ലിസ്റ്റില്‍ ഉള്‍പ്പെടുത്തി. തുടര്‍ന്ന് ഈ റിപ്പോര്‍ട്ട് അനുസരിച്ച് ചിലരെ പോലീസ് ആസ്ഥാനത്തു നിന്നു പോലും മാറ്റുകയും ചെയ്തിരുന്നു.
ഇതിനു പുറമേ പ്രത്യേക രേഖയൊന്നുമില്ലാതെ നൂറിനടുത്ത് ഉദ്യോഗസ്ഥര്‍ അദര്‍ ഡ്യൂട്ടി എന്ന വ്യാജേന കറങ്ങി നടക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടും ഇതിനിടയില്‍ പുറത്തു വന്നിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടുകളൊക്കെ ചിലര്‍ ഇടപെട്ട് മുക്കി. അദര്‍ ഡ്യൂട്ടിയായി ഉന്നതരുടെ വീട്ടുവേല ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്യേണ്ടി വരുന്നതിന്റെ മാനസീകാഘാതത്തില്‍ ഉന്നത വിദ്യാഭ്യാസമുള്ള ഇവരില്‍ പലരും ജോലി മാറുന്നതിനായി പിഎസ്‌സി ടെസ്റ്റുകള്‍ ഇപ്പോഴും പരീക്ഷിക്കുന്നുണ്ടെന്നും വിവരമുണ്ട്. ഇടതു സര്‍ക്കാരിന്റെ മുന്‍ ഡിജിപിയെ സഹായിക്കാന്‍ മാത്രം 15 പോലീസുകാര്‍ ഇപ്പോഴുമുണ്ട്. എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥന് അനുവദിച്ചത് 20 പോലീസ് ക്യാമ്പ് ഫോളോവേഴ്സിനെയായിരുന്നെന്നും വിവരമുണ്ട്.