ഹരിപ്പാട്: യുവാവിനെ വീട്ടിൽനിന്നും വിളിച്ചിറക്കി പോലീസ് മർദിച്ചതായി പരാതി. ഹരിപ്പാട് താമല്ലാക്കൽ കന്നേപ്പറന്പിൽവീട്ടിൽ ശിവാനന്ദന്റെ മകൻ അരുണ്‍ ശിവാനന്ദനെ(29)യാണ് ഹരിപ്പാട് പോലീസ് മർദിച്ചത്. കഴിഞ്ഞദിവസം ഉച്ചയോടെ പിതൃസഹോദരന്റെ വീട്ടിൽനിന്നും മഫ്തിയിലും അല്ലാതെയുമെത്തിയ ആറോളം പോലീസുകാർ ചേർന്നു സ്വകാര്യ വാഹനത്തിൽ കയറ്റിക്കൊണ്ടുപോവുകയായിരുന്നു.
ഹർത്താൽ ദിനത്തിൽ കെഎസ്ആർടിസി ബസിന്റെ പിന്നിലെ ഗ്ലാസ് എറിഞ്ഞുടച്ചു എന്ന കുറ്റം ആരോപിച്ചാണ് ഇയാളെ പോലീസ് മർദിച്ചതെന്നു പറയുന്നു. ഹരിപ്പാട് സിഐയുടെ സാന്നിധ്യത്തിൽ എസ്ഐയും കണ്ടാലറിയാവുന്ന അഞ്ചോളം പോലീസുകാരും ചേർന്നാണ് മർദിച്ചതെന്നും മറ്റു പോലീസുകാർ ചേർന്ന് വലയം സൃഷ്ടിച്ച് അതിനുള്ളിലിട്ടായിരുന്നു മർദനം നടത്തിയതെന്നും, താൻ കുറ്റമൊന്നും ചെയ്തിട്ടില്ലായെന്നും അരുണ്‍ പറഞ്ഞതായി കുടുംബാംഗങ്ങൾ പറയുന്നു.
താനും രണ്ടുവയസുള്ള കുഞ്ഞും, കണ്ണിനു കാഴ്ച ഇല്ലാത്ത പിതാവും, മാനസികാസ്വസ്ഥ്യമുള്ള അമ്മയും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമാണ് അരുണെന്ന് ഭാര്യ അശ്വതി പത്രസമ്മേളനത്തിൽ പറഞ്ഞു.
കേരളത്തിൽ ലോക്കപ്പ് മർദനം ഹൈക്കോടതി നിരോധിച്ച സാഹചര്യത്തിൽ ഹരിപ്പാട് പോലിസ് സ്റ്റേഷനിൽ നടന്നത് ക്രൂരമായ നരവേട്ടയാണെന്നും കസ്റ്റഡിയിലെടുത്ത് ഒന്നരമണിക്കൂറിനു ശേഷം പ്രതിപക്ഷനേതാവും ഡിസിസി പ്രസിഡന്റും ആലപ്പുഴ പോലീസ് സൂപ്രണ്ടിനോട് ശക്തമായി ആവശ്യപ്പെട്ടപ്പോഴാണ് ആദ്യം ജനറൽ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുവാൻ പോലീസ് തയാറായതെന്നും പത്രസമ്മേളനത്തിൽ പങ്കെടുത്ത കോണ്‍ഗ്രസ് നേതാക്കളായ എം.എം. ബഷീർ, കെ.എം. രാജു, എസ്. വിനോദ് കുമാർ, എസ്. ദീപു എന്നിവർ ആരോപിച്ചു. കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥർക്കെതിരേ മനുഷ്യാവകാശകമ്മീഷൻ, പോലീസ് കംപ്ലയിന്റ് അഥോറിറ്റി എന്നിവർക്ക് പരാതി നല്കി. ഹൈക്കോടതിയിൽ കേസ് നല്‍കുമെന്നും അവർ പറഞ്ഞു.