കണ്ണൂർ: കണ്ണൂർ നഗരത്തിൽ ലോറി ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് നഗരത്തിൽ കർശന സുരക്ഷ ഒരുക്കാൻ സിറ്റി പോലീസ് കമ്മീഷണർ കണ്ണൂർ ടൗൺ പോലീസിന് നിർദേശം നല്കി.
രാത്രിയായാൽ സ്റ്റേഷനിൽ ഇരിക്കാതെ നഗരത്തിൽ പട്രോളിംഗ് നടത്തണം. രാത്രി മുതൽ പുലർച്ചെ വരെ നഗരത്തിൽ പോലീസ് ഉണ്ടായിരിക്കണം. കൂടാതെ, രാത്രി ഏഴു മുതൽ 12 വരെ പട്രോളിംഗും ശക്തമായിരിക്കണം.
നഗരത്തിൽ തുടർച്ചയായി അക്രമം നടന്ന സ്ഥലങ്ങളിൽ പോലീസിന്റെ മിന്നൽ പരിശോധന ഉണ്ടായിരിക്കണമെന്നും സിറ്റി പോലീസ് കമ്മീഷ്ണർ ആർ. അജിത് കുമാർ നിർദേശിച്ചു. കണ്ണൂർ നഗരത്തിലെ സുരക്ഷയുമായി ബന്ധപ്പെട്ട് നഗരത്തിലെ പോലീസ് ഉദ്യോഗസ്ഥരുടെ യോഗം ഉടൻ വിളിച്ചു ചേർക്കും.
നിലവിൽ കണ്ണൂർ ടൗൺ സ്റ്റേഷന്റെ കീഴിലും പരിസരത്തുള്ള പോലീസ് ഓഫീസുകളിലും എട്ട് വാഹനങ്ങളുണ്ട്. എന്നാൽ, രാത്രിയായാൽ പോലീസ് പട്രോളിംഗ് നടത്തുന്നില്ലെന്നാണ് വ്യാപക പരാതി. രാത്രിയായാൽ കണ്ണൂർ നഗരത്തിൽ പോലീസില്ലാത്ത അവസ്ഥയാണ്.
കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരം, പഴയ ബസ്സ്റ്റാൻഡ് പരിസരം, മാർക്കറ്റ് എന്നിവിടങ്ങളിൽ അക്രമങ്ങൾ പതിവാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
ഇന്നലെ കൊലപാതകം നടന്നത് ടൗൺ പോലീസ് സ്റ്റേഷന്റെയും കമ്മീഷണർ ഓഫീസിന്റെയും സമീപത്താണ്. വെട്ടേറ്റ് കിടന്നിട്ടും മണിക്കൂറുകൾ കഴിഞ്ഞാണ് പോലീസ് അറിയുന്നത്.
ഇന്നലത്തെ സംഭവം കണ്ണൂർ ടൗൺ പോലീസിന് ഏറെ നാണക്കേടുണ്ടാക്കിയതാണ്. തുടർന്നാണ്, സിറ്റി പോലീസ് കമ്മീഷ്ണർ തന്നെ സുരക്ഷ ശക്തമാക്കാൻ നിർദേശം നല്കിയത്.
അതേസമയം, കണ്ണൂർ റെയിൽവേ സ്റ്റേഷനിലും പരിസരങ്ങളിലും റെയിൽവേ പോലീസ് സുരക്ഷ ശക്തമാക്കി. പാളങ്ങൾ മുറിച്ചുകടക്കുന്നവർക്കെതിരേ കർശന നടപടിയെടുക്കും. ഇതു സംബന്ധിച്ച നിർദേശമടങ്ങിയ ബോർഡുകൾ കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്.