നെടുങ്കണ്ടം: ലോഡ്ജ് മുറിയിൽ താമസിച്ചിരുന്ന രോഗിയെ സംരക്ഷിക്കണമെന്ന അപേക്ഷ നെടുങ്കണ്ടം പോലീസ് പരിഗണിച്ചില്ലെന്ന് ആക്ഷേപം. ഗ്രാമപഞ്ചായത്ത് മെംബർ നൽകിയ അപേക്ഷയാണ് പോലീസ് പരിഗണിക്കാതിരുന്നത്.
അപേക്ഷ നൽകി ഏട്ടാം ദിവസം രോഗം മൂർഛിച്ച റിട്ട. ബാങ്ക് സെക്യൂരിറ്റി ജീവനക്കാരനെ മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു. വെള്ളിയാഴ്ചയാണ് കൊല്ലം തെങ്ങിൽ വീട്ടിൽ കൃഷ്ണകുമാറിനെ(52) മുണ്ടിയെരുമയിലെ ലോഡ്ജ് മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ ഒരുവർഷമായി മുണ്ടിയെരുമയിൽ കൃഷ്ണകുമാർ വാടകയ്ക്ക് താമസിക്കുകയായിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി അസുഖം മൂർഛിച്ചതോടെ പാന്പാടുംപാറ പഞ്ചായത്ത് മൂന്നാം വാർഡ് മെംബർ തങ്കമ്മ രാജന്റെ നേതൃത്വത്തിൽ കൃഷ്ണകുമാറിനെ ആശുപത്രിയിലേക്ക് മാറ്റാനായി നെടുങ്കണ്ടം പോലീസിന്റെ സഹായം തേടിയിരുന്നു.
കൃഷ്ണകുമാർ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. തുടർച്ചയായി തലകറങ്ങി വീഴുന്നതായി പരിസരവാസികൾ അറിയിച്ചതിനെതുടർന്ന് രണ്ടു ജനപ്രതിനിധികളുമായി മെന്പർ കൃഷ്ണകുമാറിനെ കാണുകയും വിവരങ്ങൾ ശേഖരിക്കുകയുംചെയ്തു.
കൃഷ്ണകുമാറിന്റെ സഹോദരനെ ഫോണിൽ വിളിച്ചെങ്കിലും ലഭിച്ചില്ല. തുടർന്നാണ് കൃഷ്ണകുമാറിന്റെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് 10-ന് സ്റ്റേഷനിൽ അപേക്ഷ നൽകിയത്.കഴിഞ്ഞ ഒരുവർഷമായി ആരോഗ്യ പ്രശ്നങ്ങൾ അലട്ടിയിരുന്നതിനാൽ എസ്ബിഐ സെക്യൂരിറ്റിയായിരുന്ന കൃഷ്ണകുമാർ വോളന്ററി റിട്ടയർമെന്റ് വാങ്ങിയിരുന്നു.
ഇയാൾ കുടുംബവുമായി അകന്നാണ് കഴിഞ്ഞിരുന്നത്. എന്നാൽ മെംബറുടെ അപേക്ഷയിൽ അന്വേഷണം നടത്തി ബന്ധുക്കൾക്ക് വിവരം കൈമാറിയിരുന്നതായും രണ്ടുദിവസത്തിനുള്ളിൽ വിവരം അറിയിക്കാമെന്ന് ബന്ധുക്കൾ പറഞ്ഞതായും നെടുങ്കണ്ടം എസ്ഐ എസ്. കിരണ് പറഞ്ഞു. സഹോദരങ്ങളെ വിവരം ധരിപ്പിച്ചിരുന്നു. നെടുങ്കണ്ടത്തെ ഒരു ആശ്രമത്തിലേക്ക് കൃഷ്ണകുമാറിനെ ബന്ധുക്കളെ അറിയിച്ചശേഷം മാറ്റാനും നീക്കംനടത്തിയിരുന്നതായും ഇതിനിടെയാണ് മരണം നടന്നതെന്നും എസ്ഐ പറഞ്ഞു.