അമ്പലപ്പുഴ: മത്സ്യത്തൊഴിലാളി യുവാവിനെ പൊലീസ് ക്രൂരമായി മർദിച്ച സംഭവത്തിൽ സമഗ്ര അന്വഷണം ആവശ്യപ്പെട്ട് എച്ച് സലാം എം എൽ എ മുഖ്യമന്ത്രി, ജില്ലാ പൊലീസ് മേധാവി എന്നിവർക്ക് കത്തയച്ചു.
വണ്ടാനം മാടവന തോപ്പിൽ പ്രകാശ് ബാബുവിന്റെ മകൻ അമൽ ബാബു (29) വിനാണ് പുന്നപ്ര പൊലീസിൻ്റെ ക്രൂര മർദ്ദനമേൽക്കെണ്ടി വന്നത്.
ഡിസംബർ 31ന് രാത്രി സഹോദരിയെ ഭർതൃവീട്ടിലാക്കി മടങ്ങുമ്പോൾ വണ്ടാനം കിണറു മുക്കിന് സമീപം രാത്രി 10.30 ഓടെ ബൈക്കിൽ എത്തിയ അമലിനെ ക്യാമ്പിൽ നിന്നെത്തിയ നാല് പൊലീസുകാർ ചേർന്ന് ലാത്തിക്ക് അടിച്ചുവീഴ്ത്തുകയായിരുന്നു.
തുടർന്ന് ജീപ്പിൽ പുന്നപ്ര സ്റ്റേഷനിലെത്തിച്ച് എസ് ഐ ഉൾപ്പടെയുള്ള പൊലീസ് കാരും മർദ്ദിച്ചതായി അമൽ പറഞ്ഞു.
ദേഹമാസകലം പരിക്കേറ്റ അമൽ ആശുപത്രിയിലെത്തിയപ്പോൾ ബൈക്കിൽനിന്ന് വീണതാണന്ന് പറയണമെന്നറിയിച്ച് ഭീഷണിപ്പെടുത്തിയതായും പറഞ്ഞു. മൂത്രതടസം നേരിട്ട അമലിന്റെ കർണ്ണപുടത്തിനും തകരാറുണ്ട്.
അമലിന്റെ 60,000- ത്തോളം രൂപ വിലവരുന്ന ഐ ഫോണും എറിഞ്ഞുതകർത്തതായി കാട്ടി അമൽ ബാബു മുഖ്യമന്ത്രി ഉൾപ്പടെയുള്ളവർക്ക് പരാതി നൽകി.
സംഭവത്തിൽ സമഗ്രമായ അന്വഷണം നടത്തണമെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നുമാവശ്യപ്പെട്ട് എച്ച് സലാം എം എൽ എ യും മുഖ്യമന്ത്രിക്ക് കത്തയച്ചു.അമലിനെ എം എൽ എ വീട്ടിലെത്തി സന്ദർശിച്ചു.