സ്വന്തം ലേഖകൻ
കണ്ണൂർ: കനത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ പോലീസുകാർക്ക് ദീർഘനേരം തുടർച്ചയായി ഡ്യൂട്ടി നൽകരുതെന്ന് ഉദ്യോഗസ്ഥർക്ക് നിർദേശം.
റോഡുകളിലും സമരങ്ങൾക്കിടയിലും മറ്റും ദീർഘനേരം ജോലി ചെയ്യുന്ന നിരവധി പോലീസുകാർ കുഴഞ്ഞുവീഴുന്ന സാഹചര്യത്തിലാണ് സ്റ്റേഷൻ ചാർജുള്ള സിഐമാർക്ക് നിർദേശം നൽകിയത്.
രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞ് മൂന്നുവരെ സ്റ്റേഷന് പുറത്ത് ജോലി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർ ജാഗ്രത പാലിക്കണമെന്നും സൂര്യാഘാതം പ്രതിരോധിക്കാൻ സംവിധാനം ഒരുക്കണമെന്നും ഡിജിപി നിർദേശിച്ചിട്ടുണ്ട്.
പലർക്കും 12 മണിക്കൂർ വരെയാണ് ഡ്യൂട്ടി. തുടർച്ചയായുള്ള ഡ്യൂട്ടി പോലീസുകാരുടെ മാനസിക, ശാരീരിക ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
മിക്ക സ്റ്റേഷനുകളിലും പോലീസുകാർക്ക് കോവിഡ് ബാധിച്ചിരുന്നു. കോവിഡനന്തര പ്രശ്നങ്ങളും ദീർഘനേരത്തെ ജോലിയും പോലീസുകാരെ മാനസികമായി തളർത്തുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്തിരുന്നു.
സ്റ്റേഷനുകളിലെ അംഗസംഖ്യ വർധിപ്പിക്കാതെ നിർദേശംകൊണ്ട് കാര്യമില്ലെന്നാണ് പോലീസുകാർ പറയുന്നത്. പോലീസ് സ്റ്റേഷനുകളിൽ എട്ടു മണിക്കൂർ ഡ്യൂട്ടി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച് വർഷങ്ങളായെങ്കിലും നടപ്പായില്ല.
നെഗറ്റീവ് സ്വഭാവമുള്ള ചിലരെങ്കിലുമായി ദിനംപ്രതി പോലീസുകാർക്ക് നിരന്തരം ബന്ധപ്പെടേണ്ടതായി വരുന്നുണ്ട്. ഇതും മാനസിക സമ്മർദത്തിനു കാരണമാകുന്നുണ്ട്.
കൂടാതെ മേലുദ്യോഗസ്ഥരുടെ സമ്മർദം, സോഷ്യൽമീഡിയിലെ അക്രമം, ഉറക്കമില്ലായ്മ, ജീവിതശൈലീ രോഗങ്ങൾ, കോവിഡനന്തര പ്രശ്നങ്ങൾ എന്നിവ പോലീസുകാരുടെ മാനസികാരോഗ്യത്തെ സാരമായി ബാധിക്കുന്നുണ്ട്.
ഇപ്പോൾ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ശരാശരി ജോലിസമയം 12 മണിക്കൂറാണ്. സ്റ്റേഷനുകളിൽ പോലീസുകാരുടെ എണ്ണം കുറവായതോടെ പലർക്കും സ്റ്റേഷനു പുറത്ത് കൂടുതൽ ജോലി ചെയ്യേണ്ടിവരുന്നു.
പകുതിയിലേറെ പോലീസ് സ്റ്റേഷനുകളിലും അംഗസംഖ്യ 30ൽ താഴെ മാത്രമാണ്.
ശരാശരി 45 പേരെങ്കിലും വേണം. അംഗസംഖ്യ വർധിപ്പിക്കാൻ പോലീസ് സംഘടനകൾ കാര്യമായി ഇടപെടൽ നടത്തുന്നില്ലെന്ന പരാതി പോലീസുകാർക്കിടയിലുണ്ട്.
സാധാരണദിവസങ്ങളിൽ 12 മണിക്കൂറും അടിയന്തര സാഹചര്യങ്ങളിൽ കൂടുതൽ സമയവും ഡ്യൂട്ടി ചെയ്യേണ്ടിവരുന്നു.
കോവിഡ് നിയന്ത്രണങ്ങൾ നീക്കിയതോടെ സമരങ്ങളും മറ്റും കൂടിയതോടെ പോലീസുകാർക്ക് കൂടുതൽ വിയർക്കേണ്ടിവരും.