കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ രാത്രി കാലമോഷണവും വാഹനമോഷണങ്ങളും പിടിച്ചുപറികളും നടത്തിയ കേസിലെ പ്രതിയായ അറഫാനെ തേടിയെത്തിയ പോലീസുകാരെ വീട്ടുകാര്‍ ഭീഷണിപ്പെടുത്തി.
ഇക്കഴിഞ്ഞ ഒക്ടോബറിലാണ് ടൗണ്‍ പോലീസ് കുറ്റിച്ചിറ തലനാര് തൊടിക വീട്ടില്‍ പുള്ളി എന്ന അറഫാനെ തേടിയെത്തിയത്.
നഗരത്തില്‍ രാത്രിയില്‍ കറങ്ങിനടക്കുകയും പിടിച്ചുപറയി നടത്തുകയും ചെയ്തതിന് പിന്നില്‍ അറഫാനാണെന്ന സംശയമായിരുന്നു പോലീസിനുള്ളത്. ഇതേതുടര്‍ന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിന് വേണ്ടിയായിരുന്നു ടൗണ്‍ പോലീസ് വീട്ടിലെത്തിയത്.
എന്നാല്‍ മകന് അത്തരത്തിലുള്ളയാളല്ലെന്നും പ്രായപൂര്‍ത്തിയാവാത്ത മകനെ കസ്റ്റഡിയിലെടുക്കാന്‍ അനുവദിക്കില്ലെന്നും വീട്ടുകാര്‍ പറയുകയായിരുന്നു.
വയസ് തെളിയിക്കുന്നതിനുള്ള രേഖകള്‍ ചോദിച്ചെങ്കിലും ഒന്നും നല്കാന് വീട്ടുകാര്‍ തയാറാവാത്തതിനെ തുടര്‍ന്ന് പോലീസ് കസ്റ്റഡിയിലെടുക്കാതെ തിരിച്ചുവരികയായിരുന്നു. അതേസമയം കഴിഞ്ഞ ജൂണില്‍ തന്നെ അറഫാന്‍ 18 വയസായിട്ടുണ്ടെന്നാണ് രേഖകളിലുള്ളത്.
കഴിഞ്ഞ ദിവസം ക്രൈംസ്ക്വാഡ് അറഫാനുള്പ്പെടെയുള്ള പ്രതികളെ പിടികൂടിയതോടെയാണ് നഗരത്തിലെ നിരവധി മോഷണ കേസുകളിലെ പങ്കിനെ കുറിച്ച് പുറത്തറിയുന്നത്.
കഴിഞ്ഞ ദിവസമാണ് നോര്‍ത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ കെ. അഷ്റഫിന്റെ നേതൃത്വത്തില്‍ കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡും പന്നിയങ്കര ഇന്‍സ്പെക്ടര്‍ അനില്‍ കുമാറും ചേര്‍ന്ന് കുട്ടിക്കള്ളന്മാരുള്പ്പെടെ നാലുപേരെ പിടികൂടിയത് .
കുറ്റിച്ചിറ തലനാര് തൊടിക വീട്ടില്‍ പുള്ളി എന്ന അറഫാന്‍ (18), മുഖദാര്‍ സ്വദേശി ഗാന്ധി എന്ന അജ്മല്‍ ബിലാല്‍ (18), നടുവട്ടം, മുഖദാര്‍ സ്വദേശികളായ രണ്ട് കുട്ടിക്കള്ളന്‍മാരുമാണ് പോലീസ് പിടിയിലായത്.
നഗരത്തില്‍ രാത്രി കാലങ്ങളില്‍ കുട്ടിക്കള്ളന്മാര് ഉള്‍പ്പെടുന്ന സംഘം മോഷണം നടത്തുന്നതായി പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.
സിറ്റിയിലെ വിവിധ സ്റ്റേഷന് പരിധികളിലെ ഫ്ളിപ്പ് കാര്‍ട്ട്, ആമസോണ്‍ തുടങ്ങിയ ഓണ്‍ലൈന്‍ സ്ഥാപനങ്ങളിലെ ഹബ്ബുകളിലും മറ്റ് കൊറിയര്‍ സര്‍വ്വീസ് സ്ഥാപനങ്ങളിലും മോഷണം നടത്തിയത് ഇവരാണെന്ന് സമീപപ്രദേശങ്ങളിലെ സി.സി കാമറ ദൃശ്യങ്ങളില്‍ നിന്നും പോലീസ് കണ്ടെത്തിയിരുന്നു.
കൂടുതല്‍പേര്‍ കുടുങ്ങും
രാത്രി കാലമോഷണവും വാഹനമോഷണങ്ങളും പിടിച്ചുപറികളും നടത്തിയതുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണത്തിനായി പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും. നിലവില്‍ പന്നിയങ്കര പോലീസ് രജിസ്റ്റര്‍ ചെയ്ത മൂന്നു കേസുകളില്‍ ഇവരെ പ്രതിചേര്‍ത്തിട്ടുണ്ട്.
ഇതിന് പുറമേ ടൗണ്‍, നടക്കാവ്, കസബ, ചേവായൂര്‍, ഫറോക്ക് പോലീസ് പരിധിയിലും പ്രതികള്‍ക്കെതിരേ കേസുകളുണ്ടെന്നാണ് വിവരം.
ഇത് സംബന്ധിച്ച് ചോദ്യം ചെയ്താല്‍ മാത്രമേ വ്യക്തത വരികയുള്ളൂ. നഗരത്തില്‍ ഒരു വര്‍ഷത്തിനിടെ നടന്ന മിക്ക മോഷണ-പിടിച്ചുപറി കേസുകളിലും പ്രതികള്‍ക്ക് പങ്കുണ്ടെന്ന നിഗമനത്തിലാണ് പോലീസ്.
പിടിയിലായവര്‍ക്ക് പുറമേ കൂടുതല്‍ പേര്‍ക്ക് ഇവരുമായി ബന്ധമുണ്ടെന്നാണ് പോലീസ് നല്കുന്ന വിവരം. പ്രായപൂര്‍ത്തിയാവാത്ത കൂടുതല്‍ പേരെ മോഷണത്തിനായി ഉപയോഗിച്ചിട്ടുണ്ടോയെന്നും വരും ദിവസങ്ങളില്‍ അറിയാം.
പന്നിയങ്കര പോലീസ് പരിധിയിലെ ഫ്ളിപ്പ് കാര്‍ട്ട്, ആമസോണ്‍ ഉള്‍പ്പെടെ നാലോളം സ്ഥാപനങ്ങളിലും കസബ പോലീസ് സ്റ്റേഷന് പരിധിയിലെ കാളൂര്‍ റോഡിലുള്ള ക്വറിയര്‍ സ്ഥാപനത്തില്‍ നിന്നും നാലു ലക്ഷം രൂപ കൂടാതെ രണ്ട് ആര്‍എക്സ് 100 ബൈക്കുകള്‍ ചേവായൂര്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ ആര് എക്സ് 100 ബൈക്കുകള്‍ ഉള്‍പ്പെടെ മൂന്നോളം ബൈക്കുകള്‍ ടൗണ്‍ പോലീസ് സ്റ്റേഷനിലെ ക്വറിയര്‍ സ്ഥാപനം, മെഡിക്കല്‍ കോളജ് പരിധിയില്‍ നിന്നും നിരവധി ബൈക്കുകള്‍ ഫറോക്ക് പോലീസ് സ്റ്റേഷന് പരിധിയിലെ ബൈക്കുകളടക്കം ഇരുപതോളം കേസുകള്‍ക്ക് പ്രതികളെ പിടികൂടിയതോടെ തുമ്പുണ്ടായി.