കോഴഞ്ചേരി: ക്ഷേത്ര ഉല്‍സവത്തോടനുബന്ധിച്ചു നടന്ന എഴുന്നള്ളിപ്പ് സംബന്ധിച്ച തര്‍ക്കത്തിനിടെ സിപിഎം ഏരിയാ കമ്മിറ്റിയംഗത്തെ നടുറോഡില്‍ തള്ളി വീഴ്ത്തിയ കോയിപ്രം എസ്ഐ ഗ്ലാഡ്വിന് എഡ്വേര്‍ഡിനെ കൊടുമണ്‍ സ്റ്റേഷനിലേു സ്ഥലംമാറ്റി.
രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജനാണ് ഇദ്ദേഹത്തെ സ്ഥലം മാറ്റിയത്. എസ്ഐക്കെതിരേ നടപടി സ്വീകരിക്കണമെന്ന് സിപിഎം നേതൃത്വം ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ 11 ന് വൈകുന്നേരം പുല്ലാട് ജംഗ്ഷനിലാണ് എസ്ഐയും സിപിഎം ഇരവിപേരൂര്‍ ഏരിയാ കമ്മറ്റിയംഗം എ.കെ. സന്തോഷ്കുമാറുമായി വാക്കേറ്റം ഉണ്ടായത്.
പ്രപഞ്ചമൂര്‍ത്തി ക്ഷേത്രത്തിലെ ഉത്സവത്തിനു സമാപനം കുറിച്ചുള്ള എഴുന്നളളത്ത് പുല്ലാട് ജംഗ്്ഷനില്‍ എത്തിയപ്പോള്‍ വാഹനം പോകുന്നതിന് എഴുന്നള്ളത്ത് റോഡില്‍ ഒരു വരിയാക്കണമെന്ന് എസ്.ഐ. നിര്‍ദേശിച്ചു.
ക്ഷേത്രഭാരവാഹികള്‍ ഇതിനെ എതിര്‍ത്തു. ക്ഷേത്ര ഭാരവാഹികളുടെ ആവശ്യം അംഗികരിക്കണമെന്നും സംസ്ഥാന പാതയിലൂടെ വാഹനങ്ങള്‍ കടന്നു പോകാന്‍ പോലിസ് സൗകര്യം ഒരുക്കണമെന്നും സന്തോഷ് കുമാര്‍ ആവശ്യപ്പെട്ടതാണ് എസ്ഐയെ പ്രകോപിപ്പിച്ചത്.
ഇവര്‍ തമ്മിലുള്ള വാക്കേറ്റത്തിനിടെ എസ്ഐ സന്തോഷ് കുമാറിനെ നെഞ്ചില്‍ പിടിച്ചു തള്ളി നീക്കാന്‍ ശ്രമിച്ചതായി പറയുന്നു. നില തെറ്റിയ സന്തോഷ് റോഡിലേക്ക് വീഴുകയായിരുന്നു. തലയിടിച്ചാണ് വീണതെന്ന് പറയുന്നു.
സിപിഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു, ജില്ലാ കമ്മിറ്റിയംഗം പിലിപ്പോസ് തോമസ് എന്നിവരുടെ നേതൃത്വത്തില്‍ രാത്രിയില്‍ തന്നെ പുല്ലാട്ട് പ്രകടനം നടന്നു.
പിറ്റേന്ന് വിവിധ സംഘടനകളും പ്രതിഷേധം നടത്തി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ എസ്പി പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. ഇവരുടെ കൂടി റിപ്പോര്‍ട്ട് പരിഗണിച്ചാണ ്സ്ഥലംമാറ്റമെന്നു പറയുന്നു.