സ്വന്തംലേഖകന്‍
കോഴിക്കോട്: സംസ്ഥാനത്തെ കുപ്രസിദ്ധരായ ലഹരി-ഗുണ്ടാനേതാക്കള്‍ക്ക് സുരക്ഷയൊരുക്കാനും പിടികൂടാനെത്തുന്ന പോലീസുകാരെ കീഴ്പെടുത്താനുമായി “കമാന്‍ഡോ സംഘം’.
പിടികിട്ടാപ്പുള്ളികളായി മുങ്ങി നടക്കുന്ന പ്രതികള്‍ക്കൊപ്പവും ലഹരി വില്പന സംഘങ്ങള്ക്കൊപ്പവുമാണ് എന്തിനും തയാറായി ചാവേര്‍പട സജ്ജരായുള്ളത്.
പിടികൂടാന്‍ പോലീസെത്തിയാല്‍ അവരെ കീഴ്പ്പെടുത്തി രക്ഷപ്പെട്ടാല്‍ സ്റ്റാര്‍വാല്യൂ കൂടുമെന്നതിനാല്‍ ഇതിനുള്ള അവസരം പരമാവധി ഉപയോഗപ്പെടുത്താനും ഇത്തരം സംഘങ്ങള്‍ ശ്രമിക്കുന്നുണ്ട്.
കഞ്ചാവ് കേസുകളിലുള്‍പ്പെടെ 60 ഓളം കേസുകളില്‍ പ്രതിയായ കോഴിക്കോട് ടിങ്കു എന്ന ഷിജുവിനെ ഇന്നലെ പോലീസ് വളഞ്ഞപ്പോഴും ആക്രമണത്തിന് സജ്ജരായി 50 ഓളം പേരുണ്ടായിരുന്നു. ഏറെ നേരം സാഹസപ്പെട്ടാണ് പ്രതിയെ പോലീസിന് കീഴ്പെടുത്താന്‍ സാധിച്ചത്.
തിരുവനന്തപുരത്തു നിന്നും കൊച്ചിയില്‍ നിന്നുമുള്ളവര്‍ വരെ ടിങ്കുവിനെ രക്ഷപ്പെടുത്താനായുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിനും ഡിസ്ട്രിക്ട് ആന്റി നാര്‍ക്കോട്ടിക് സ്പെഷല്‍ ആക്ഷന്‍ ഫോഴ്സിനും (ഡന്‍സാഫ്) ലഭിച്ച വിവരം.
നാലുമാസം മുമ്പ് നെയ്യാന്‍ ഡാം പോലീസിനെ പെട്രോള്‍ ബോംംബെറിഞ്ഞ് കഞ്ചാവ് സംഘം ആക്രമിച്ചിരുന്നു.
കൂടാതെ ഒക്ടോബറില്‍ തിരുവനന്തപുരം കിള്ളിപ്പാലത്തെ ലോഡ്ജില്‍ പരിശോധനക്കെത്തിയ കരമനപോലീസിന് നേരെ പടക്കമെറിഞ്ഞും ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു.
പോലീസിനെ ആക്രമിക്കാന്‍ “തിരക്കഥ’
കോഴിക്കോട് പെരിങ്ങളം സ്വദേശിയായ ടിങ്കു ആറുമാസമായി ഒളിവിലായിരുന്നു. പോലീസ് നിരന്തരം അന്വേഷിക്കുന്നുണ്ടെന്ന് ടിങ്കുവിന് അറിയുമെന്നതിനാല്‍ തിരുവനന്തപുരം കേന്ദ്രീകരിച്ചായിരുന്നു താമസിച്ചിരുന്നത്.
ഇവിടുത്തെ ക്വട്ടേഷന്‍ സംഘത്തിനൊപ്പം പ്രവര്‍ത്തിച്ചുവരുന്നതിനിടെയാണ് സുഹൃത്തായ കോഴിക്കോട് എരിമല സ്വദേശി അപ്പൂസിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചത്.
എന്നാല്‍ പോലീസെത്തുമെന്ന് ടിങ്കു പ്രതീക്ഷിച്ചു. പോലീസിനെ ചെറുക്കാനായി 50 ഓളം പേരെയും ടിങ്കു ഒപ്പം നിര്‍ത്തി. വിവാഹ വീട്ടില്‍ പുറത്തു നിന്നുള്ളവരും അയല്‍വാസികളും കുറവായിരുന്നു.
കൂടുതലും ടിങ്കുവിന്റെ സുഹൃത്തുക്കളായിരുന്നു. പോലീസെത്തിയാല്‍ ആക്രമിക്കാന്‍ തയാറായാണ് ഇവര്‍ എത്തിയതെന്നും രഹസ്യാന്വേഷണ വിഭാഗം പറഞ്ഞു.
വിവാഹം നടക്കുന്നുണ്ടെന്ന വിവരം ഡന്‍സാഫിന് നേരത്തെ തന്നെ ലഭിച്ചിരുന്നു. ടിങ്കു എത്തുമെന്ന സൂചന ലഭിച്ചതിനെ തുടര്‍ന്ന് ഡന്‍സാഫ് സംഘം മഫ്തിയില്‍ നേരത്തെ തന്നെ വിവാഹ വീട്ടിന് സമീപത്തെത്തി.
വിവാഹവീട്ടില്‍നിന്ന് ടിങ്കുവിന്റെ ജീപ്പ് പുറത്തേക്ക് പോയതോടെ ടിങ്കു വീട്ടിലുണ്ടെന്ന് പോലീസ് തിരിച്ചറിഞ്ഞു.
മഫ്തിയിലുള്ള പോലീസ് സംഘം വീട്ടിലേക്ക് കയറിയ ഉടന്‍ ടിങ്കു രക്ഷപ്പെടാന്‍ ശ്രമിക്കുകയും പോലീസ് പിടികൂടുകയുമായിരുന്നു.
ഇതിനിടെയാണ് ടിങ്കുവിനൊപ്പമുണ്ടായിരുന്ന സഹോദരനും സുഹൃത്തുക്കളും പോലീസിനെ വളഞ്ഞത്.
മഫ്തിയിലുള്ളവര് പോലീസുകാരാണെന്നു പറഞ്ഞിട്ടും ആക്രമണം തുടരുകയായിരുന്നു. തുടര്‍ന്ന് കൂടുതല്‍ പോലീസുകാരെത്തിയാണ് ടിങ്കുവിനെ പിടികൂടിയത്.
എല്ലാം വൈറല്‍ ! സ്റ്റാര്‍വാല്യു കൂട്ടി ഗുണ്ടാസംഘം
പോലീസിനെ ആക്രമിക്കുന്നതുള്‍പ്പെടെ എല്ലാം മൊബൈലില്‍ പകര്‍ത്താനും ഗുണ്ടാസംഘം ശ്രമിക്കും. ഈ ദൃശ്യങ്ങള്‍ സഹിതമാണ് അടുത്ത ക്വട്ടേഷന്‍ റേറ്റ് ഉറപ്പിക്കുന്നത്.
പോലീസിനെതിരേയുള്ള ചെറുത്തു നില്‍പ്പും മറ്റും താരപരിവേഷമാണുണ്ടാക്കുന്നത്. ദൃശ്യങ്ങള്‍ വൈറലാകുന്നതോടെ ഗുണ്ടാസംഘങ്ങളുടെ റേറ്റും കൂട്ടും.
അതിനാല്‍ പരമാവധി ഇത്തരം സംഭവങ്ങള്‍ പൊലിപ്പിച്ചു കാണിക്കാനാണ് ഗുണ്ടാസംഘം ശ്രമിക്കുന്നത്. ഇന്നലെ പോലീസ് പിടികൂടിയ ടിങ്കുവും നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചത് സ്റ്റാര്‍വാല്യു കൂട്ടാനാണെന്നാണ് പോലീസ് പറയുന്നത്.
രക്ഷപ്പെടാന്‍ ശ്രമിച്ച ടിങ്കുവിനെ കൂടുതല്‍ പോലീസെത്തി കീഴ്പെടുത്തി സ്റ്റേഷനില്‍ എത്തിച്ചു. മെഡിക്കല്‍കോളജ് പോലീസ് സ്റ്റേഷനിലാണ് എത്തിച്ചത്.
വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോവാന്‍ ശ്രമിക്കുന്നതിനിടെ ലോക്കപ്പിന്റെ ഗ്രില്ലില്‍ തലകൊണ്ടിടിച്ച് പൊട്ടിച്ചു.
ലോക്കപ്പില്‍ നിന്ന് ഇറക്കിയതോടെ റോഡിലേക്ക് ഓടി നിര്‍ത്തിയിട്ടിരുന്ന കാറിന്റെ മുന്‍ഭാഗത്തെ ചില്ല് തലകൊണ്ടടിച്ചു തകര്‍ത്തു.
കാറിന്റെ മുകളില്‍ കയറി നിന്നു. രക്തത്തില്‍ കുളിച്ച് കാറിന്റെ മുകളില്‍ കയറിയ ടിങ്കുവിന്റെ ദൃശ്യങ്ങള്‍ അപ്പോഴേക്കും സമൂഹമാധ്യമങ്ങളിലൂടെ വൈറലായി തുടങ്ങി. തുടര്‍ന്ന് നാട്ടുകാരും പോലീസും ചേര്‍ന്നാണ് ടിങ്കുവിനെ കീഴ്പ്പെടുത്തിയത്.