കോട്ടയം: പാന്പാടി മുളേക്കുന്നിലെ വാടക വീട്ടിലും കങ്ങഴയിലെ ഗോഡൗണിലും സൂക്ഷിച്ചിരുന്ന ഒരു കോടി രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങളുടെ ശേഖരം പോലീസ് പിടികൂടി.
നിരോധിത പുകയില ഉത്പന്നങ്ങൾ സൂക്ഷിച്ചിരുന്നവരെ പിടികൂടാൻ കഴിഞ്ഞില്ല. 100 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന ഒന്നര ലക്ഷത്തോളം പായ്ക്കറ്റ് നിരോധിക പുകയില ഉത്പന്നങ്ങൾ വ്യാജമായി നിർമിച്ച ബീഡി, സിഗരറ്റ് എന്നിവയാണ് ഇന്നലെ അർധ രാത്രിയോടെ പോലീസ് നടത്തിയ മിന്നൽ റെയ്ഡിൽ പിടികൂടിയത്.
നാളുകൾക്കു മുന്‍പു മുളേക്കുന്നിലുള്ള വാടക വീട് കേന്ദ്രീകരിച്ചു നിരോധിത പുകയില ഉത്പന്നങ്ങൾ കൈമാറ്റം നടക്കുന്നതായി ലഹരി വിരുദ്ധ സ്ക്വാഡായ ഡാൻസാഫിനു വിവരം ലഭിച്ചിരുന്നു. തുടർന്നു ഇവർ മുളേക്കുന്നും സമീപ പ്രദേശങ്ങളും കേന്ദ്രീകരിച്ചു അന്വേഷണ നടത്തിവരികയായിരുന്നു.
ഇതോടെയാണ് മുളേക്കുന്നിലെ വാടക വീട്ടിലും കങ്ങഴയിലെ ഗോഡൗണിലും നിരോധിത പുകയില ഉത്പന്നങ്ങൾ സ്റ്റോക്ക് ചെയ്യുന്നതായും അവിടെ നിന്നും ജില്ലയിലെ വിവിധ സ്ഥലങ്ങളിലേക്കും ഇവ എത്തിച്ചു നല്‍കുന്നതായി കണ്ടെത്തിയത്.
തുടർന്നു ഈ രണ്ടു സ്ഥലങ്ങളും റെയ്ഡ് നടത്താൻ തീരുമാനിക്കുകയായിരുന്നു. ഇന്നലെ രാത്രിയിൽ ജില്ലാ പോലീസ് ചീഫ് ജി. ജയദേവ് നേരിട്ടെത്തിയാണ് റെയ്ഡിനു നേതൃത്വം നല്‍കിയത്.
രണ്ടു സ്ഥലങ്ങളിൽ നിന്നുമായാണ് 100 ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങൾ കണ്ടെടുത്തത്. ഏതാണ്ട് 75 ലക്ഷത്തോളം രൂപ വിലവരുമെന്ന് പോലീസ് പറഞ്ഞു.
ചില്ലറ വില്പനക്കാർക്കു നല്‍കുന്നതിനായി കൃത്യമായ പായ്ക്ക് ചെയ്തുവച്ചിരിക്കുകയായിരുന്നു നിരോധിത പുകയില ഉത്പന്നങ്ങളും ബീഡി, സിഗരറ്റ് എന്നിവയെല്ലാം. പോലീസ് സംഘം സ്ഥലത്തെ രണ്ടു കേന്ദ്രങ്ങളും വളഞ്ഞെങ്കിലും പ്രതികൾ ഇവിടെ ഉണ്ടായിരുന്നില്ല.
നാളുകൾക്കു മുന്‍പു പലചരക്ക് സാധനങ്ങൾ സൂക്ഷിക്കുന്നതിനായി വാടകയ്ക്കു നല്‍കിയിരുന്നതാണ് കങ്ങഴയിലെ ഗോഡൗണ്‍. ഇവിടെ വിവിധ കടകളിലേക്കു എത്തിച്ചു നല്‍കുന്നതിനായിട്ടുള്ള പലചരക്ക് സാധനങ്ങളും സൂക്ഷിച്ചിരുന്നു.
ഇവയ്ക്കിടയിലാണ് നിരോധിത പുകയില ഉത്പന്നങ്ങൾ ചാക്കിലാക്കി ഒളിപ്പിച്ചിരുന്നത്. മുളേക്കുന്നിലെ വാടക വീട് മാസങ്ങൾക്കു മുന്‍പു ആലപ്പുഴ മാന്നാർ സ്വദേശി വാടകയ്ക്ക് എടുത്തതാണ്.
ഇവിടവും നിരോധിത പുകയില ഉത്പന്നങ്ങൾ സ്റ്റോക്ക് ചെയ്യുന്നതിനാണ് ഉപയോഗിച്ചിരുന്നത്. ജില്ലയിലെ ലഹിര മാഫിയ സംഘങ്ങളാണ് ഇതിനു പിന്നലെന്നു സംശയിക്കുന്നുണ്ട്. കോട്ടയത്തും സമീപത്തെ ജില്ലകളിലുമുള്ള വൻ മാഫിയ സംഘമാണ് ഇതിനു പിന്നില്ലെന്നും പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്.
പ്രതികളെ പിടികൂടി ചോദ്യം ചെയ്തെങ്കിൽ മാത്രമേ നിരോധിത പുകയില ഉത്പന്നങ്ങൾ എവിടെ നിന്നാണ് ഇങ്ങോട്ടേക്ക് എത്തിച്ചതെന്നും ആർക്കൊക്കയാണ് വിതരണം ചെയ്യുന്നതെന്നുമുള്ള കാര്യങ്ങൾ വ്യക്തമാവുകയുള്ളൂവെന്നും പോലീസ് പറഞ്ഞു.
ഇതിനു പിന്നിൽ പ്രവർത്തിക്കുന്ന മാഫിയ സംഘത്തെക്കുറിച്ചു പോലീസിനു വിവരം ലഭിച്ചു. ജില്ലാ ആന്റി നാർകോട്ടിക് സെൽ ഡിവൈഎസ്പി വിനോദ് പിള്ള, ഡിവൈഎസ്പിമാരായ ജെ. സന്തോഷ്കുമാർ, വി.ജെ. ജോഫി, എസ്എച്ച്ഒമാരായ യു. ശ്രീജിത്ത്, സജിമോൻ എസ്ഐ അനിൽകുമാർ, ബിജുകുമാർ, സാബു, ഡാൻസാഫ് അംഗങ്ങളായ പ്രതീഷ് രാജ്, അജയകുമാർ, ശ്രീജിത്ത് ബി. നായർ, തോംസണ്‍ കെ. മാത്യു, എസ് അരുണ്‍ എന്നിവർ ചേർന്നാണ് റെയ്ഡ് നടത്തിയത്.