മുക്കൂട്ടുതറ: എരുമേലി പോലീസ് എത്തിയത് പിക്ക്അപ്പ് വാനിൽ. എസ്ഐ കൈ നീട്ടിയത് കണ്ട് നിർത്താതെ പാഞ്ഞ മണൽലോറി ഒടുവിൽ കയ്യാലയിൽ ഇടിപ്പിച്ച് നിർത്തിയിട്ട് ഡ്രൈവർ ഓടി രക്ഷപ്പെട്ടു.
നമ്പർ പ്ലേറ്റ് ഇല്ലാത്ത ലോറി ക്രെയിനിൽ വലിച്ചു കെട്ടി സ്റ്റേഷനിൽ എത്തിച്ച് പരിശോധിച്ചപ്പോൾ വാഹനത്തിന് രേഖകളുമില്ല.
വലിയ കള്ളക്കടത്ത് പിടിക്കുന്ന രീതിയിൽ അതിരാവിലെ സിനിമാ സ്റ്റൈലിൽ പോലീസ് നടത്തിയ മണൽവേട്ടയോട് അനുകൂലിച്ചും പ്രതികൂലിച്ചും നാട്ടുകാർ.
പ്രളയം വിഴുങ്ങിയ നദികളിൽ അപകടമായി നിറഞ്ഞ മണൽ വാരാൻ നിയന്ത്രണ വിധേയമായി നിശ്ചിത കാലത്തേക്ക് അനുമതി നൽകിയാൽ മണൽക്കൊള്ള നടക്കുമോയെന്ന് നാട്ടുകാർ. നദിയെ രക്ഷപ്പെടുത്താനുമാകും പഞ്ചായത്തുകൾക്ക് വരുമാനവുമാകും.
കഴിഞ്ഞ ദിവസം രാവിലെ ഇടകടത്തിയിലാണ് എസ്ഐ ഷാബുമോൻ ജോസഫ്, സിവിൽ പോലീസ് ഓഫീസർമാരായ ടൈറ്റസ്, ബെന്നി എന്നിവർ ഉൾപ്പെട്ട സംഘം മഫ്തി വേഷത്തിൽ ചക്ക കയറ്റുന്ന പിക്ക്അപ്പ് വാനിൽ എത്തി മണൽ കയറ്റി പാഞ്ഞ ലോറി പിന്തുടർന്ന് പിടികൂടിയത്.
എസ്ഐ കൈ നീട്ടിയത് കണ്ട് ലോറി പാഞ്ഞുപോകുകയായിരുന്നു. പോലീസ് പിന്തുടർന്നപ്പോൾ റോഡരികിൽ കയ്യാലയിൽ ലോറി ഇടിപ്പിച്ച് നിർത്തി ഡ്രൈവർ ഓടി രക്ഷപ്പെട്ടു.
നമ്പർ പ്ലേറ്റ് ഇല്ലാതിരുന്ന ലോറിയിൽ വാഹന രേഖകളും ഇല്ലായിരുന്നു.
നദിയിൽനിന്നു മണൽ വാരിയാൽ പോലീസിൽ അറിയിക്കുന്നത് പാറമട ലോബിയാണെന്ന് ആക്ഷേപവുമുണ്ട്.
കഴിഞ്ഞയിടെ എരുമേലിയുടെ കിഴക്കൻ മേഖലയിൽ നിന്നു മൂന്ന് ലോഡ് മണൽ പോലീസ് പിടിച്ചെടുത്തിരുന്നു.
കഴിഞ്ഞ ദിവസം ഇടകടത്തി ഭാഗത്തു നിന്നു ലോറിയും മണൽ ലോഡും ഡ്രൈവറും പിടിയിലായിരുന്നു.
ഇതിന് പിന്നാലെയാണ് ഇന്നലെ ലോറി പിടികൂടിയത്. രാത്രിയിലും പുലർച്ചെയുമായി രഹസ്യ കേന്ദ്രങ്ങളിലേക്ക് മാറിയിരിക്കുകയാണ് മണൽ വാരൽ. ഒരു ലോഡ് മണലിന് 15,000 രൂപ വരെയായി വില ഉയർന്നിരിക്കുകയാണ്.
നദികളിൽനിന്നു വൻ തോതിലുള്ള മണൽവാരൽ അനുവദിച്ചാൽ പാറമണൽ വിൽപ്പന ഗണ്യമായി കുറയും. മണൽവാരൽ നിരോധനം മൂലം പാറമണലാണ് പ്രചാരത്തിലായത്.
വർഷങ്ങളായി പാറമണൽ വിൽപ്പനയിലൂടെ വൻ ലാഭമാണ് പാറമടലോബി നേടിക്കൊണ്ടിരിക്കുന്നത്. മണൽവാരൽ നിരോധനം പിൻവലിച്ചാൽ പാറമണൽ വിൽപ്പനയിൽ വൻ ഇടിവുണ്ടാകും.
ഈ സാഹചര്യം ഒഴിവാക്കാൻ വേണ്ടിയാണ് വർഷങ്ങളായി മണൽവാരൽ നിരോധനം നിലനിർത്താനും ഇപ്പോൾ നദികളിലെ മണൽ വാരുന്നവരെ കുടുക്കാനും പാറമടലോബി ശക്തമായി രംഗത്തുള്ളതെന്ന് പറയുന്നു.
പ്രളയത്തിന്റെ കെടുതികളുടെ പശ്ചാത്തലത്തിൽ നദികളിലെ മണൽ വാരുന്നതിനായി അനുമതി നൽകുമെന്ന് പറഞ്ഞ സർക്കാർ പിന്നെ ആ തീരുമാനം നടപ്പിലാക്കിയില്ല.
പ്രഖ്യാപനം വിശ്വസിച്ച് മണൽ വാരാൻ അനുമതി തേടി എരുമേലി പഞ്ചായത്ത് രണ്ട് തവണയാണ് പ്രമേയം പാസാക്കി സമർപ്പിച്ചത്.
ഇക്കഴിഞ്ഞ പ്രളയത്തിൽ അനിയന്ത്രിതമായാണ് നദികളിൽ മണൽ കുമിഞ്ഞത്. നദികളെ രക്ഷിക്കാൻ മണൽവാരൽ അനിവാര്യമാണെന്നും കുമിഞ്ഞുകൂടിയ മണൽ മാറ്റിയില്ലെങ്കിൽ മഴ ശക്തമാകുമ്പോൾ പ്രളയം നേരിട്ടേക്കാമെന്നും അഭിപ്രായങ്ങൾ ഉയർന്നിരുന്നു.
വേനലിലും നിറയെ വെള്ളം ഉണ്ടാകുമായിരുന്ന കയങ്ങളൊക്കെ മണൽ കൂനയായി മാറി അപ്രത്യക്ഷമായി. മത്സ്യ സമ്പത്തും ചുരുങ്ങി.
ഇപ്പോൾ വേനൽ മൂലം വെള്ളം വറ്റിത്തുടങ്ങിയതിനാൽ മണൽ വാരാൻ എളുപ്പവുമായി. മണൽ വാരി നീക്കിയാൽ നദിയിലെ ജലലഭ്യത തിരികെ വരുമെന്ന പരിസ്ഥിതി അനുകൂല വാദങ്ങൾ ശക്തമായി ഉയർന്നിട്ടും നടപടികളില്ല.