എം. സുരേഷ്ബാബു
തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളിൽ സർക്കിൾ ഇൻസ്പെക്ടർമാരെ എസ്എച്ച്ഒ മാരാക്കിയ പരിഷ്കാരം ഗുണം ചെയ്തില്ലെന്ന പോലീസ് ഉന്നതാധികാര സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പുതിയ ഉത്തരവിറക്കാൻ നീക്കം.
വീണ്ടും എസ്ഐമാർക്ക് എസ്എച്ച്ഒ ചുമതല നൽകാനാണ് ആഭ്യന്തരവകുപ്പിന്റെ ആലോചന.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ് 472 പോലീസ് സ്റ്റേഷനുകളിൽ എസ്എച്ച്ഒമാരായി സർക്കിൾ ഇൻസ്പെക്ടർമാരെ നിയമിച്ച് പുതിയ പരിഷ്കാരം കൊണ്ട് വന്നത്. മുൻപ് എസ്ഐമാർക്കായിരുന്നു സ്റ്റേഷൻ ചുമതല.
ലോക്നാഥ് ബെഹ്റ സംസ്ഥാന പോലീസ് മേധാവിയായിരിക്കെ ആഭ്യന്തരവകുപ്പിന് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സ്റ്റേഷൻ ചുമതല എസ്ഐമാരിൽ നിന്നും സിഐമാർക്ക് നൽകിയത്. 2018 നവംബർ ഒന്നിന് പോലീസിൽ പുതിയ പരിഷ്കാരം നിലവിൽ വന്നു.
മുൻപ് രണ്ട് പോലീസ് സ്റ്റേഷനുകളുടെ മേൽനോട്ടം വഹിച്ചിരുന്ന സിഐമാർക്ക് ഒരു പോലീസ് സ്റ്റേഷന്റെ മാത്രം പൂർണ ചുമതല നൽകുകയായിരുന്നു.
എസ്ഐമാരായിരുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് കൂട്ടത്തോടെ പ്രമോഷൻ നൽകിയായിരുന്നു നിയമനം. പരിഷ്കാരം നിലവിൽ വന്നതോടെ പല സ്റ്റേഷനുകളിലും എസ്എച്ച്ഒമാർ കാര്യക്ഷമമായി പ്രവർത്തിക്കാത്തത് പോലീസിന്റെ പ്രവർത്തനങ്ങളെയും മന്ദഗതിയിലാക്കിയെന്ന് എസ്പിമാർ കണ്ടെത്തിയിരുന്നു.
എസ്എച്ച്ഒ മാരുടെ മേൽനോട്ട ചുമതല ഡിവൈഎസ്പിമാർക്കായിരുന്നു നൽകിയിരുന്നത്. ഓരോ സബ് ഡിവിഷനുകളിലും ആറിൽപരം പോലീസ് സ്റ്റേഷനുകളുടെ മേൽനോട്ടം ഡിവൈഎസ്പിമാർ ശ്രദ്ധിക്കേണ്ടതായി വന്നിരുന്നു.
പുതുതായി സർവീസിൽ കയറിയ എസ്ഐമാരിൽ പലരും വിവിധ കാരണങ്ങളാൽ ജോലിയിൽ ഉൗർജസ്വലത കാട്ടാത്തത് കാരണം സ്റ്റേഷൻ പ്രവർത്തനങ്ങളെ ബാധിക്കുകയായിരുന്നു. എസ്എച്ച്ഒ മാർക്ക് മാനസിക സമ്മർദ്ദങ്ങൾ കുടിയതും സ്റ്റേഷൻ പ്രവർത്തനങ്ങളെ ബാധിക്കുകയായിരുന്നു.
എഡിജിപി വിളിച്ച് ചേർത്ത പോലീസിന്റെ ഉന്നത തല യോഗങ്ങളിൽ സിഐമാരെ എസ്എച്ച്ഒ മാരാക്കി നിയമിച്ച പരിഷ്കാരം ഗുണം ചെയ്തില്ലെന്ന് വിമർശനങ്ങൾ ഉയർന്നു.
ഇതേ തുടർന്ന് സംസ്ഥാന പോലീസ് മേധാവിയുടെ നിർദേശാനുസരണം ഡിജിപി ടി.കെ. വിനോദ് കുമാർ അധ്യക്ഷനായ നാലംഗ സമിതിയെ പരിഷ്കരണത്തെക്കുറിച്ച് പഠിക്കാനും സ്റ്റേഷൻ ഭരണം കാര്യക്ഷമമാക്കാനുള്ള നിർദേശങ്ങൾ സമർപ്പിക്കാൻ നിർദേശിക്കുകയായിരുന്നു.
ഇതേ തുടർന്നാണ് സ്റ്റേഷൻ ചുമതല സിഐമാരിൽ നിന്നും എസ്ഐമാർക്ക് നൽകണമെന്ന ശിപാർശ സംസ്ഥാന പോലീസ് മേധാവിക്ക് നൽകിയിരുന്നു.
2024 ജനുവരി ഒന്ന് മുതൽ സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളുടെ ചുമതല എസ്ഐമാർക്ക് തിരികെ നൽകാനുള്ള നടപടികളുമായാണ് ആഭ്യന്തരവകുപ്പ് മുന്നോട്ട് പോകുന്നത്.
നിലവിൽ സ്റ്റേഷൻ ചുമതല വഹിക്കുന്ന സിഐമാരെ വിജിലൻസിലേക്കും സൈബർ പോലീസിലേക്കും ക്രൈംബ്രാഞ്ചിലേക്കും മാറ്റി നിയമിക്കാനാണ് ആലോചിക്കുന്നത്.
സർക്കിൾ ഇൻസ്പെക്ടർമാരെ എസ്എച്ച്ഒ മാരാക്കിയ പരിഷ്കാരം ഫലവത്താകാത്തതിനാൽ ഇക്കാര്യത്തിൽ സർക്കാർ പുനരാലോചന നടത്തുവെന്ന് നേരത്തെ രാഷ്ട്രദീപിക റിപ്പോർട്ട് ചെയ്തിരുന്നു.