വാടാനപ്പിള്ളി: വാടാനപ്പിള്ളി പോലീസ് സ്റ്റേഷനു സമീപമുള്ള കടയുടെ പൂട്ട് തകർത്ത് മോഷണം. 18,000 രൂപയും ഐസ്ക്രീമും കവർന്നു. സ്റ്റേഷനു തൊട്ടടുത്ത് എരയേടത്ത് പ്രവീണിന്റെ ഉടമസ്ഥയിലുള്ള നന്ദന സ്റ്റോഴ്സ് എന്ന കടയിലാണ് കഴിഞ്ഞ ദിവസം രാത്രി മോഷണം നടന്നത്. കടയുടെ രണ്ടു പൂട്ടുകളും പൊളിച്ച് അകത്തു കയറിയ മോഷ്ടാക്കൾ മേശയിലും പഴ്സിലുമായി സൂക്ഷിച്ചിരുന്ന പണവും ഐസ്ക്രീമും മറ്റു സാധനങ്ങളും കവർന്നു.
കട തുറക്കാൻ വന്നപ്പോഴാണ് പ്രവീൺ മോഷണവിവരം അറിഞ്ഞത്. പോലീസ് സ്റ്റേഷനും കടയും തമ്മിൽ 35 മീറ്ററോളം അകലമേയുള്ളൂ. സമീപമാണ് കിഴക്കേ ടിപ്പുസുൽത്താൻ റോഡും തൃശൂർ – വാടാനപ്പിള്ളി സംസ്ഥാനപാതയും. സമീപത്തെ ക്ഷേത്രത്തിലെ ഭണ്ഡാരം മുമ്പ് പല തവണ തകർത്ത് പണം കവർന്നതിൽ പോലീസിനു നേരെ വിമർശനം നിലനിൽക്കുമ്പോഴാണ് സ്റ്റേഷനുസമീപം കവർച്ച നടന്നത്. പ്രവീൺ നൽകിയ പരാതിപ്രകാരം കേസ് അന്വേഷണത്തിന്റെ ഭാഗമായി പോലീസ് സമീപത്തെ സിസിടിവി കാമറ പരിശോധിച്ചപ്പോൾ പുലർച്ചെ രണ്ടിന് ഒരു ഓട്ടോറിക്ഷ കടയ്ക്കു സമീപം വന്നു നിൽക്കുന്ന ദൃശ്യം ലഭിച്ചിട്ടുണ്ട്.