റെനീഷ് മാത്യു
കണ്ണൂർ: പോലീസ് സ്റ്റേഷനുകളിൽ പരാതി സ്വീകരിച്ചാലും കേസുകൾ രജിസ്റ്റർ ചെയ്യുന്നില്ല. സ്റ്റേഷനുകളിൽ കെട്ടികിടക്കുന്ന കേസുകളുടെ എണ്ണം കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇത്തരം നീക്കം നടക്കുന്നത്.
കവർച്ച, മോഷണം തുടങ്ങി വലിയ അന്വേഷണം വേണ്ട കേസുകളാണ് പരാതികളായി രജിസ്റ്റർ ചെയ്യാൻ കൂട്ടാക്കാത്തത്.
പകരം പെട്ടന്ന് പ്രതികളെ പിടികൂടുന്ന മദ്യപിച്ച് വാഹനം ഓടിക്കൽ, പൊതുസ്ഥലത്തെ മദ്യപാനം, മാസ്ക് ധരിക്കാത്ത സംഭവം തുടങ്ങിയ കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്യും.
കൂടാതെ, അപകട കേസുകളും രജിസ്റ്റർ ചെയ്യും. അപകട കേസുകൾ മൂന്നുമാസത്തിനുള്ളിലും പോക്സോ കേസുകളിൽ രണ്ടുമാസത്തിനുള്ളിലും തീർപ്പാക്കണമെന്നാണ് വ്യവസ്ഥ.
രജിസ്റ്റർ ചെയ്യുന്ന കേസുകളിൽ വേഗത്തിൽ അന്വേഷണം നടത്തി തീർപ്പാക്കണമെന്നാണ് മേലുദ്യോഗസ്ഥർ സ്റ്റേഷനുകളിൽ നല്കുന്ന നിർദേശം.
കേസുകൾ രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ ദിവസവും കേസിന്റെ അവസ്ഥയെക്കുറിച്ചുള്ള അന്വേഷണമായി.
അന്വേഷണം വൈകുന്പോൾ മേലുദ്യോഗസ്ഥരുടെ ശകാരവും താക്കീതും കൂടും. ഇതാണ്, പല കേസുകളും രജിസ്റ്റർ ചെയ്യാത്തത്.
രജിസ്റ്റർ ചെയ്യാത്തതിനു പിന്നിൽ
ഓരോ മാസവും കേസുകളുടെ എണ്ണം കുറയ്ക്കണമെന്ന നിർദേശവും മേലുദ്യോഗസ്ഥർ നല്കാറുണ്ട്. നിലവിൽ, കെട്ടികിടക്കുന്ന കേസുകളെക്കുറിച്ചും ചോദിക്കും.
അതിനാൽ, ശരിയായ രീതിയിലുള്ള അന്വേഷണം നടക്കാതെ വേഗത്തിൽ അന്വേഷണം നടത്തി കേസ് തീർപ്പാക്കും.
ഇത്തരം, കേസുകൾ കോടതിയിൽ എത്തുന്പോൾ തള്ളിപ്പോകുന്നതും സ്വഭാവികം. ഇതരസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടുന്ന പല കേസുകളും രജിസ്റ്റർ ചെയ്യാൻ പോലീസ് തയാറാകുന്നില്ല.
കാരണം, അന്വേഷണത്തിന് കേരളം വിട്ടു പോകേണ്ടതു കൊണ്ടും കാലതാമസം വരുന്നതു കൊണ്ടുമാണ് രജിസ്റ്റർ ചെയ്യാത്തത്.