ബംഗളൂരു: കർണാടകയിൽ നാട്ടിലേക്ക് മടങ്ങണമെന്ന് ആവശ്യപ്പെട്ട കുടിയേറ്റ തൊഴിലാളികളെ തൊഴിച്ച പോലീസ് ഉദ്യേഗസ്ഥന് സസ്പെൻഷൻ. ബംഗളൂരു കെജി ഹള്ളി പോലീസ് സ്റ്റേഷനിലെ പോലീസുകാരനെയാണ് സസ്പെൻഡ് ചെയ്തത്.
ഒരു സംഘം കുടിയേറ്റ തൊഴിലാളികൾ പോലീസ് സ്റ്റേഷനിൽ എത്തുകയും തങ്ങൾക്ക് ഉത്തർപ്രദേശിലേക്ക് മടങ്ങിപ്പോകാൻ സൗകര്യം ഒരുക്കി നൽകണമെന്നും ആവശ്യപ്പെട്ടു.
സൗകര്യം ഒരുക്കിത്തരാതെ ഇവിടെനിന്നും മടങ്ങില്ലെന്നും തൊഴിലാളികൾ അറിയിച്ചു. സ്റ്റേഷനിലെ എഎസ്ഐ രാജാ സഹേബ് തൊഴിലാളികളുമായി സംസാരിച്ചു. എന്നാൽ ഇവർ വഴങ്ങാൻ കൂട്ടാക്കിയില്ല.
ഇതോടെ നിയന്ത്രണം നഷ്ടപ്പെട്ട രാജാ സഹേബ് രണ്ട് തൊഴിലാളികളെ അടിക്കുകയും തൊഴിക്കുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ വൈറലായി.
ഇതിനു പിന്നാലെ എഎസ്ഐയെ സസ്പെൻഡ് ചെയ്തു. സംഭവത്തിൽ വകുപ്പ് തല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.