വെള്ളമുണ്ട: ആശുപത്രിയിലേക്ക് പുറപ്പെട്ട ഗർഭിണിയായ യുവതിയെ മണിക്കറുകളോളം വെള്ളമുണ്ട പോലീസ് സ്റ്റേഷനിൽ തടഞ്ഞു നിർത്തിയതായി പരാതി.
പടിഞ്ഞാറെത്തറ സ്വദേശിനിയായ സി.കെ. നാജിയ നസ്റിൻ ആണ് സംസ്ഥാന പോലീസ് മേധാവി, മനുഷ്യാവകാശ കമ്മീഷൻ, വനിതാ കമ്മീഷൻ എന്നിവർക്ക് ഇത് സംബന്ധിച്ച് പരാതി നൽകിയത്.
അത്തോളിയിലേക്ക് വിവാഹം ചെയ്തയച്ച യുവതി കൽപ്പറ്റയിലെ ഗൈനക്കോളജിസ്റ്റിനെയായിരുന്നു സ്ഥിരമായി കാണിച്ചു വന്നിരുന്നത്. ചൊവ്വാഴ്ച രാവിലെ ഒന്പതിനായിരുന്നു സംഭവം.
സാക്ഷ്യപത്രവുമായി വെള്ളമുണ്ട വരെ തടസങ്ങളില്ലാതെ ഭർത്താവിനൊപ്പം വാഹനത്തിൽ എത്തിയ യുവതിയെയും ഭർത്താവിനെയും പോലീസ് സ്റ്റേഷന് മുന്പിൽ വെച്ച് മുഹമ്മദലി എന്ന പോലീസുകാരൻ തടയുകയും സ്റ്റേഷനിലേക്ക് രണ്ട് പേരെയും കൂട്ടിക്കൊണ്ടുപോയി ഒന്നര മണിക്കൂറോളം സ്റ്റേഷനിൽ നിർത്തിയതായും പരാതിയിൽ പറയുന്നു.
സ്റ്റേഷനിൽ വെച്ച് അങ്ങേയറ്റം മോശമായ രീതിയിൽ പോലീസുകാരിൽ ചിലർ പെരുമാറിയതായും പരാതിയിൽ പറയുന്നു.