തുറവൂർ: ദേശിയ പാതയോരത്തെ അനധികൃത കൈയേറ്റമൊഴിപ്പിക്കലിൽ തട്ടിപ്പെന്ന് ആക്ഷേപം. അധികൃതർ ഒഴിപ്പിച്ച താത്ക്കാലിക കച്ചവട സ്ഥാപനങ്ങളിൽ പലതും മണിക്കൂറുകൾക്കുള്ളിൽ പഴയ സ്ഥലത്തുതന്നെ പുനർനിർമിക്കപ്പെട്ടതോടെയാണ് ഒഴിപ്പിക്കൽ തട്ടിപ്പാണെന്ന ആക്ഷേപം ഉയരാൻ കാരണം. പൊതുമരാമത്ത് വകുപ്പ് ചേർത്തല ഡിവിഷനിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് അനധികൃത കടകളും മറ്റും ഇന്നലെ പൊളിച്ചു നീക്കിയത്.
അനധികൃതമായി ദേശീയപാത കൈയേറി നിർമിച്ച സ്ഥാപനങ്ങൾക്ക് മാസങ്ങൾക്ക് മുന്പ് സ്വയം പൊളിച്ചു നീക്കുവാൻ നോട്ടീസ് നൽകിയിരുന്നു. ചൊവ്വാഴ്ച ഉച്ചഭാഷിണിയിലൂടെ അറിയിപ്പു നൽകിയിട്ടും ആരും പൊളിച്ചുനീക്കുവാനും ഒഴിഞ്ഞു പോകുവാനും തയാറാകാഞ്ഞതിനെ തുടർന്നാണ് ഇന്നലെ രാവിലെ മുതൽ ഉദ്യോഗസ്ഥരുടെ നേത്യത്വത്തിൽ ജെസിബി ഉപയോഗിച്ച് പൊളിച്ചുനീക്കിയത്.
ദേശിയ പാതയോരത്തെ പരസ്യ ബോർഡുകളും നീക്കം ചെയ്തു. കെട്ടിയുണ്ടാക്കിയ താൽക്കാലിക നിർമിതികൾ പൊളിച്ചുമാറ്റിയെങ്കിലും പെട്ടിക്കടകൾ അതേ സ്ഥാനത്തു തന്നെ തുടരുകയാണ്. മുൻ കാലങ്ങളിൽ ഇത്തരം കൈയേറ്റങ്ങൾ പൊളിച്ചുനീക്കലിന് മണിക്കൂറുകളുടെ ആയൂസേ ഉണ്ടായിരുന്നുള്ളു. ഉദ്യോഗസ്ഥർ പൊളിച്ചുനീക്കുന്നതിനു പിന്നാലെ വീണ്ടും അതേ സ്ഥാനത്ത് കെട്ടിപ്പൊക്കുകയാണ് ചെയ്യുന്നത്.
ഇപ്പോഴത്തെ പൊളിക്കലും ജനങ്ങളുടെ കണ്ണിൽ പൊടിയിടുവാനുള്ള ഉദ്യോഗസ്ഥരുടെ തന്ത്രത്തിന്റെ ഭാഗമാണെന്നും ആരോപണമുണ്ട്. പഞ്ചായത്തുകളുടെ മൗനാനുവാദത്തോടേയാണ് ഒട്ടുമിക്ക അനധികൃത സ്ഥാപനങ്ങളും പ്രവർത്തിക്കുന്നത്. ഉദ്യോഗസ്ഥർ പൊളിച്ചു നീക്കിയ ഷെഡുക്കൾ വീണ്ടും അതേ സ്ഥാനത്ത് മണിക്കുറുകൾക്കകം നിർമിക്കുന്നത് കൈയേറ്റക്കാരുടെ സ്വാധീനം തെളിയിക്കുന്നതാണെന്നും ആരോപണമുണ്ട്.