ജനതാ കര്‍ഫ്യൂ ദിനത്തില്‍ പൊതുനിരത്തില്‍ വഴിയാത്രക്കാരെ തടഞ്ഞു നിര്‍ത്തി ഭീഷണിപ്പെടുത്തി ഫേസ്ബുക്ക് പേജില്‍ ലൈവിട്ട വ്യാപാരിയ്ക്ക് എതിരേ പോലീസ് കേസെടുത്തു.
ഇയാള്‍ മാധ്യമപ്രവര്ത്തകന് ചമഞ്ഞാണ് ആളുകളെ ഭീഷണിപ്പെടുത്തി ലൈവിട്ടത്. ഇന്നലെ രാവിലെ സെന്‍ട്രല്‍ ജംഗ്ഷനില്‍ വച്ചാണ് പ്രകാശ് വഴിയാത്രക്കാരെ ഭീഷണിപ്പെടുത്തിയത്.
ഇയാള്‍ മാധ്യമപ്രവര്ത്തകന് ആണെന്ന് അവകാശപ്പെട്ടതോടെ പത്തനംതിട്ടയിലെ മാധ്യമങ്ങള്‍ക്ക് നേരെ സോഷ്യല്‍ മീഡിയ തിരിഞ്ഞിരുന്നു.
ഇതിനെതിരേ പത്തനംതിട്ട പ്രസ് ക്ലബ് നല്കിയ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. നിരീക്ഷണത്തില്‍ നിന്നു ചാടിപ്പോകുന്നവര്ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുകയാണ് പോലീസ്.
ഇന്നലെ വൈകിട്ട് ജില്ലാ കലക്ടര്‍ പിബി നൂഹ് വിളിച്ചു ചേര്‍ത്ത യോഗത്തിന് ശേഷം പൊലീസ് മൂന്നുപേര്‍ക്കെതിരേ കൂടി കേസെടുത്തു.
ഇതോടെ ക്വാറന്റൈനില്‍ നിന്ന് മുങ്ങിയത് എടുത്ത ആകെ കേസുകളുടെ എണ്ണം എട്ടായി. 16 പേരാണ് പ്രതികളായിട്ടുള്ളത്.
മാര്‍ച്ച് ആറിന് യുഎസില്‍ നിന്ന് നാട്ടിലെത്തിയ മെഴുവേലി ആലക്കോട് കരിങ്കുറ്റിയില്‍ ആലീസ് മാത്യു, സഹോദരി മേഴ്സി ഏബ്രഹാം എന്നിവര്‍ തിരികെ അവിടെ എത്തിയതായി പൊലീസിന് വിവരം ലഭിച്ചു.
ഇവര്‍ നിരീക്ഷണത്തില്‍ ആയിരുന്നില്ല. കോവിഡ് വ്യാപകമാകുന്നതിന് മുന്‍പായിരുന്നു ഇവരുടെ വരവ്. ഇവര്‍ക്ക് അമേരിക്കന്‍ പൗരത്വവും ഉണ്ട്. മടങ്ങിപ്പോയെങ്കിലും ഇവരെ കേസില്‍ നിന്ന് ഒഴിവാക്കിയിട്ടില്ല.
ഇനി ഒരാള്‍ക്കും താക്കീതില്ലെന്നാണ് പൊലീസ് അറിയിച്ചിട്ടുള്ളത്. വിവരം കിട്ടിയാലുടന്‍ കേസ് എടുക്കുകയാണ് ചെയ്യുന്നത്. അതിനിടെ ജില്ലയില്‍ ഹര്‍ത്താലിന്റെ പ്രതീതിയാണ്.
സ്വകാര്യ ബസുകള്‍ പൂര്‍ണമായും സര്‍വീസ് നിര്‍ത്തി. കടകമ്പോളങ്ങള്‍ അടഞ്ഞു കിടക്കുകയാണ്. ചുരുക്കം കെഎസ്ആര്‍ടിസി ബസുകള്‍ മാത്രമാണ് നിരത്തില്‍ ഇറങ്ങുന്നത്.