കിഴക്കമ്പലം: എറണാകുളം കിഴക്കമ്പലത്ത് മദ്യലഹരിയില്‍ അതിഥിത്തൊഴിലാളികൾ പോലീസുകാർക്കു നേരെയും നാട്ടുകാർക്കുനേരെയും ആക്രമണം നടത്തിയ സംഭവത്തിൽ പോലീസ് കസ്റ്റഡിയിലുള്ള 156 പേരുടെയും അറസ്റ്റ് രേഖപ്പെടുത്തി.
ഇന്നലെ 24 പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടൊപ്പമാണ് മറ്റുള്ളവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടുള്ളത്. പ്രതികൾക്കെതിരേ വധശ്രമം, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങി 11 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
കുന്നത്തുനാട്, പുത്തൻകുരിശ്, പിറവം, തടിയിട്ട പറമ്പ് സ്റ്റേഷനുകളിലായുള്ള മുഴുവൻ പ്രതികളെയും ഇന്ന് കോലഞ്ചേരി കോടതിയിൽ ഹാജരാക്കും.
സംഭവത്തിൽ പെരുമ്പാവൂര്‍ എഎസ്പി അനുജ് പലിവാലിന്റെ നേതൃത്വത്തില്‍ 19 പേരാണ് സംഘത്തിലുള്ളത്.
നാട്ടുകാർക്കും പോലീസുകാർക്കും പൊതിരെ തല്ല്
ശനിയാഴ്ച രാത്രി പന്ത്രണ്ടോടെ കിഴക്കമ്പലം കിറ്റെക്സിലെ അതിഥിത്തൊഴിലാളികള്‍ താമസിക്കുന്ന ചൂരക്കോട്ടെ ക്യാമ്പിലാണ് സംഘര്‍ഷമുണ്ടായത്.
ഇതു നിയന്ത്രിക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥരെയും നാട്ടുകാരെയും തൊഴിലാളികള്‍ കടന്നാക്രമിക്കുകയായിരുന്നു.
ജീപ്പിനു തീവച്ചതോടെ ഇതിലിരുന്ന പോലീസുകാര്‍ പ്രാണരക്ഷാര്‍ഥം ഇറങ്ങിയോടി. മദ്യലഹരിയിൽ അക്രമികൾ മറ്റു നാലു വാഹനങ്ങള്‍ തല്ലിത്തകര്‍ക്കുകയും ചെയ്തു.
സംഘര്‍ഷത്തിന് അയവില്ലാതെ വന്നതോടെ കൂടുതല്‍ പോലീസെത്തി തൊഴിലാളികളെ അറസ്റ്റ് ചെയ്തുനീക്കുകയായിരുന്നു.
ആഘോഷം ആക്രമണമായി മാറി
ക്രിസ്മസ് ദിനത്തിലെ ആ ഘോഷത്തിനിടെ തൊഴിലാളികള്‍ മദ്യലഹരിയില്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയതാണ് പ്രശ്നങ്ങളുടെ തുടക്കമെന്ന് പോലീസ് പറഞ്ഞു.
ആദ്യം നാട്ടുകാര്‍ ഇടപെട്ടെങ്കിലും സംഘര്‍ഷം മൂര്‍ച്ഛിച്ചതോടെ പോലീസ് കണ്ട്രോള് റൂമില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തിയതോടെ അവർക്കു നേരേയും തൊഴിലാളികള്‍ ആക്രമണം അഴിച്ചുവിട്ടു.
കണ്ട്രോള് റൂം വാഹനം അക്രമികള്‍ അടിച്ചുതകര്‍ത്തു. എഎസ്ഐ ഉള്‍പ്പെടെയുള്ള പോലീസുകാരെ തലയ്ക്ക് കല്ലുകൊണ്ടിടിച്ച് പരിക്കേല്‍പ്പിച്ചു.
പോലീസുകാരുടെ വയര്‍ലെസ് സെറ്റ് ഉള്‍പ്പെടെ നശിപ്പിക്കുകയും ചെയ്തു. ഓടിക്കൂടിയ നാട്ടുകാരെയും മർദിച്ചു. തുടര്‍ന്ന് സംഭവം അന്വേഷിക്കാനെത്തിയ കുന്നത്തുനാട് സ്റ്റേഷനിലെ ജീപ്പ് അതിഥിത്തൊഴിലാളികള്‍ കത്തിച്ചു.
ഡോർ ചവിട്ടിപ്പിടിച്ച് വാഹനത്തിന് തീയിട്ടു
വാഹനത്തിനുള്ളിലെ പോലീസുകാരെ പുറത്തിറങ്ങാന്‍ സാധിക്കാത്ത വിധം ഡോര്‍ ചവിട്ടിപ്പിടിച്ച ശേഷമാണു തീയിട്ടത്. പോലീസുകാര്‍ പ്രാണരക്ഷാര്‍ഥം ജീപ്പില്‍നിന്ന് ചാടി ഓടുകയായിരുന്നു.
വാഹനം പൂര്‍ണമായും കത്തിനശിച്ചു. ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ചവരെയും അക്രമികള്‍ ഓടിച്ചിട്ടു മര്‍ദിച്ചു. സ്ഥലത്തെത്തിയ നാട്ടുകാര്‍ക്കു നേരെ തൊഴിലാളികള്‍ കല്ലെറിയുകയും ചെയ്തു.
തുടര്‍ന്ന് ആലുവ റൂറല്‍ എസ്പി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ അഞ്ഞൂറോളം പോലീസുകാര്‍ സ്ഥലത്തെത്തുകയും ക്യാമ്പിലേക്ക് കയറി ബലം പ്രയോഗിച്ച് തൊഴിലാളികളെ പിടികൂടുകയായിരുന്നു.