ചാവക്കാട്: ഓടണ്ട… ഓടണ്ട … പിടിക്കാനല്ല. പോലീസ് വീട്ടിലേക്ക് വരുന്നതുകണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നവരുടെ പിന്നാലെ ഓടി പോലീസ് വിളിച്ചുപറഞ്ഞു.
ജില്ലയിലെ കൊലപാതക പരന്പരയെ തുടർന്ന് ആരംഭിച്ച ഓപ്പറേഷൻ റേഞ്ചറിന്റെ ഭാഗമായി ചാവക്കാട് സ്റ്റേഷനിലെ ഗുണ്ടാപ്പട്ടികയിലുള്ളവരെ തേടി പോയതായിരുന്നു പോലീസ്.
ചാവക്കാട് സ്റ്റേഷൻ പരിധിയിൽ 85 പേരാണ് ഗുണ്ടാലിസ്റ്റിൽ. മൂന്നുപേർ കൊലക്കേസ് പ്രതികൾ. രണ്ടുപേർ സ്ഥലത്തില്ല. ഒരാൾ മരിച്ചു.
ചാവക്കാട് മേഖലയിൽ പലയിടത്തും കോവിഡ് രോഗികൾ, ചില സ്ഥലങ്ങൾ കണ്ടെയ്ൻമെന്റ് സോണുകൾ, സ്റ്റേഷനിലെ നാലു പോലീസുകാർക്ക് കോവിഡ്.
അതുകൊണ്ടുതന്നെ ഗുണ്ടകളുടെ വീടുകളിലേക്ക് പോയി അന്വേഷണം നടത്തുക പ്രയാസം. വീടുകളുടെ പരിസരത്ത് ചെന്ന് വിളിക്കുന്പോഴേക്കും പല പ്രതികളും ഓടുന്നത് ചാവക്കാട് മേഖലയിലെ പഴയ ഗുണ്ടകളിൽ മിക്കവരും ഇപ്പോൾ നല്ല നടപ്പിലാണ്.
പോലീസ് അന്വേഷിച്ചെത്തിയപ്പോൾ വീട്ടിൽ ഇല്ലായിരുന്ന പലരും പോലീസ് ഫോണ് ചെയ്തപ്പോൽ നേരിൽ ഹാജരായി. 70 പേർ ഇപ്പോൾ നിരീക്ഷണത്തിലായി. മുന്നറിയിപ്പും കൊടുത്തിട്ടുണ്ട്.
ഗുണ്ടകളുടെയും ക്രിമിനൽ സ്വഭാവമുള്ളവരുടെയും പട്ടിക തയ്യാറാക്കി കനത്ത നിരീക്ഷണത്തിലാണ് പോലീസ്. ഇവരുടെ ഒളിസങ്കേതങ്ങളിൽ എസ്എച്ച്ഒ അനിൽ ടി. മേപ്പിള്ളിയുടെ നേതൃത്വത്തിൽ പരിശോധനയും നടത്തുന്നുണ്ട്.