നെടുങ്കണ്ടം: പോലീസ് സ്റ്റേഷനുള്ളിൽ മാസ്ക് ധരിക്കാതെ സീനിയർ സിവിൽ പോലീസ് ഓഫിസർ കറങ്ങി നടന്നതായി ആക്ഷേപം. ഇന്നലെ നെടുങ്കണ്ടം പോലീസ് സ്റ്റേഷനുള്ളിലാണ് സീനിയർ സിവിൽ പോലീസ് ഓഫീസർ മാസ്ക് ധരിക്കാതെ കറങ്ങി നടന്നത്.
യൂണിഫോം ധരിക്കാതെ സാധാരണ ഡ്രസിലാണ് ഉദ്യോഗസ്ഥൻ സ്റ്റേഷനുള്ളിൽ ഉണ്ടായിരുന്നത്.
പാറാവുകാരനും മറ്റൊരു കേസിലെ പ്രതികളും സ്റ്റേഷനകത്തുണ്ടായിരുന്നു. കേസുകളുമായി ബന്ധപ്പെട്ട് എത്തിയവരും പോലീസ് സ്റ്റേഷൻ പരിസരത്തു മാസ്ക് ധരിച്ചുനിൽക്കുന്പോഴാണ് പോലീസുകാരന്റെ നിയമ ലംഘനം.
മാസ്ക് ധരിക്കാതെ സ്റ്റേഷൻ കോംപൗണ്ടിൽ എത്തിയ വ്യക്തിയെക്കുറിച്ച് അന്വേഷിച്ചവരോട് അത് പോലീസ് ഉദ്യോഗസ്ഥനാണെന്നാണ് ചില പോലീസ് ഉദ്യോഗസ്ഥർ മറുപടി നൽകിയത്. തുടർന്ന് ഉദ്യോഗസ്ഥൻ സ്റ്റേഷനകത്തു കയറി മാസ്ക് ധരിക്കുകയായിരുന്നു.
കോവിഡ് പ്രോട്ടോക്കോൾ പാലിക്കാതെ പോലീസ് ഉദ്യോഗസ്ഥർ ജാഗ്രതയില്ലാതെ ജോലി ചെയ്യുന്നതായും ജോലി കഴിഞ്ഞ് വീടുകളിലേക്ക് മടങ്ങുന്പോൾ അനാവശ്യ സന്പർക്കത്തിൽ ഏർപ്പെടുന്നതായും ജില്ലാ പോലീസ് ഹെഡ്ക്വാർട്ടേഴ്സിന്റെ കണ്ടെത്തൽ പുറത്തുവന്നിരുന്നു.
ഈ സാഹചര്യത്തിൽ മാർഗനിർദേശങ്ങൾ ജില്ലാ പോലീസ് മേധാവി പുറത്തിറക്കിയിരുന്നു. ഇത് മാനിക്കാതെയാണ് മാസ്ക് ധരിക്കാതെ പോലീസുകാരൻ സ്റ്റേഷനുള്ളിൽ കറങ്ങിനടന്നത്.