കൊട്ടാരക്കര: ഒരു പഞ്ചായത്തിലെ മൂന്ന് പോലീസ് ഉദ്യോഗസ്ഥർ പോലീസിലെ ഉന്നത പദവിയിൽ ഒരേ പ്രൊമോഷൻ ലിസ്റ്റിൽ ഉൾപ്പെട്ടത് കൗതുകകരമായി.
എഴുകോൺ പഞ്ചായത്തിലുൾപ്പെട്ട അമ്പലത്തുംകാല സ്വദേശി എം.എം ജോസ്, ചീരങ്കാവ് സ്വദേശി ഷെരീഫ്.എസ്, ഇടയ്ക്കോട് സ്വദേശി അജയനാഥ്.ജി എന്നിവരാണ് സർക്കിൾ ഇൻസ്പെക്ടർ പദവിയിൽ നിന്നും ഡിവൈഎസ്പി ചുമതലയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചതിലൂടെ നാടിന്റെ അഭിമാനമായി മാറിയത്.
ഷെരീഫ്.എസ് കൊല്ലം എസ്എസ്ബി യിലും (സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച് ), അജയനാഥ്.ജി എറണാകുളം പുത്തൻ കുരിശിലും എം.എം ജോസ് കാസർഗോഡ് ക്രൈംബ്രാഞ്ചിലേക്കുമാണ് ഡിവൈഎസ്പി മാരായി നിയമനം ലഭിച്ചത്.
ഒരേ പഞ്ചായത്തിൽ നിന്നും ഒറ്റ ബാച്ചിൽപ്പെട്ട ഇവർ മൂവരും വിവിധ സ്റ്റേഷനിൽ എസ്ഐ പദവിയിൽ തുടങ്ങി ഡിവൈഎസ്പി പദംവരെ ഒരു പോലെ സഞ്ചരിച്ചത് കേരള പോലീസ് ചരിത്രത്തിൽ തന്നെ ആദ്യമായിരിക്കും.
നിയമത്തിനുള്ളിൽ നിന്നു കൊണ്ട്, അഴിമതിയും സ്വജനപക്ഷപാതവുമില്ലാത്ത സേവന പ്രവർത്തനങ്ങളും പോലീസ് സേനയിലെ അച്ചടക്കം പാലിക്കലും മൂവരുടെയും ഔദ്യോഗിക മുന്നേറ്റത്തിന് കാരണമായിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.
ഇവരെ അഭിനന്ദിക്കുന്ന തിരക്കിലാണ് ഇപ്പോൾ ബന്ധുക്കളും നാട്ടുകാരും.