സ്വന്തം ലേഖകന്‍
കോഴിക്കോട്: കോവിഡ് സമൂഹവ്യാപന സാധ്യതയേറെ നിലനില്ക്കുമ്പോള് ചട്ടങ്ങളും നിയമങ്ങളും മറികടന്ന് പോലീസിന്റെ ഒത്തുചേരൽ. കോഴിക്കോട് സിറ്റി പോലീസ് പരിധിയിലാണ് മുഖ്യമന്ത്രിയുടേയും ഡിജിപിയുടെയും ആരോഗ്യവകുപ്പിന്റെയും നിര്‍ദേശങ്ങള്‍ പരസ്യമായി ലംഘിച്ച് ഒത്തുചേരൽ നടന്നത്.
ചടങ്ങ് സംഘടിപ്പിച്ച് മൂന്നു ദിവസം പിന്നിട്ടപ്പോള്‍ പരിപാടി നടത്തിയ മേലുദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ കോഴിക്കോട് സിറ്റിയിലെ ഉന്നത ഉദ്യോഗസ്ഥരില്‍ ഭൂരിഭാഗം പേരും ക്വാറന്റൈനിലായി.
സ്വാതന്ത്ര്യദിനത്തിന് മുന്‍പാണ് കോഴിക്കോട് സിറ്റിയിലെ ഒരു ഉന്നത റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥന്റെ വീട് താമസവുമായി ബന്ധപ്പെട്ട് പോലീസ് ക്ലബില്‍ സിറ്റിയിലെ സിഐ റാങ്കിലുള്ളവര്‍ക്കും അതിനു മുകളിലുള്ള റാങ്കിലുള്ളവര്ക്കുമായി പാര്‍ട്ടി സംഘടിപ്പിച്ചത്.
കൂടിച്ചേരലില്‍ സിറ്റി പോലീസ് പരിധിയിലെയും സ്പെഷല്‍ യൂണിറ്റിലേയും ഉള്‍പ്പെടെ ഭൂരിഭാഗം ഉദ്യോഗസ്ഥരും പങ്കെടുത്തു.
രണ്ടു ദിവസത്തിന് ശേഷമാണ് പരിപാടി സംഘടിപ്പിച്ച മേലുദ്യോഗസ്ഥന് കോവിഡ് പോസിറ്റീവായ വിവരം അറിയുന്നത്. ഇതോടെ ചടങ്ങിനെത്തിയവര്‍ ക്വാറന്റൈനിൽ പോകേണ്ടി വന്നു.
സംഭവത്തെ തുടര്‍ന്ന് ആരോഗ്യവകുപ്പ് പോലീസുദ്യോഗസ്ഥന്റെ സമ്പര്‍ക്കപ്പട്ടിക തയാറാക്കാന്‍ തുടങ്ങി. എന്നാല്‍ പരിപാടി സംഘടിപ്പിച്ചതായി ആരോഗ്യവകുപ്പിനെ അറിയിച്ചില്ല. പകരം പോലീസ് ക്ലബില്‍ യോഗം വിളിച്ചുചേര്ത്തിരുന്നതായും അതിനാലാണ് കൂടുതല്‍ പോലീസുകാര്‍ ക്വാറന്റൈനില്‍ ആയതെന്നുമാണ് പറയുന്നത്.
അതേസമയം സംഭവം സേനയ്ക്കുള്ളില്‍ വിവാദമായതിനു പിന്നാലെ സ്റ്റേറ്റ് സ്പെഷല്‍ബ്രാഞ്ച് അന്വേഷണം നടത്തിയിരുന്നു. സേനയില്‍ നിന്നുയര്‍ന്ന ആരോപണങ്ങളെ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തില്‍ ചടങ്ങ് സംഘടിപ്പിച്ചതും മറ്റും ബോധ്യപ്പെട്ടു.
എന്നാല്‍ റിപ്പോര്‍ട്ട് ഇന്റലിജന്‍സ് മേധാവിക്ക് സമര്‍പ്പിച്ചിട്ടില്ല. സ്റ്റേറ്റ് സ്പെഷല്‍ ബ്രാഞ്ചിലെ മേലധികാരികളിലൊരാളും ഈ ചടങ്ങില്‍ പങ്കെടുത്തതായാണ് ആരോപണമുയര്‍ന്നത്. അതിനാലാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാതിരുന്നതെന്നും പോലീസിനുള്ളില്‍ അഭിപ്രായമുയര്‍ന്നിട്ടുണ്ട്.
വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവ നടക്കുമ്പോള്‍ ഇരുപതിലേറെ പേര് പാടില്ലെന്നാണ് പോലീസിന്റെയും ആരോഗ്യവകുപ്പിന്റെയും മുന്നറിയിപ്പ്.
എന്നാല്‍ പോലീസ് ക്ലബില്‍ നടത്തിയ ആഘോഷത്തില്‍ ഈ മുന്നറിയിപ്പൊന്നും നടപ്പാക്കിയിട്ടില്ല. ഉന്നത റാങ്കിലുള്ള ഉദ്യോഗസ്ഥരായതിനാല്‍ ഈ നിയമലംഘനത്തിനെതിരേ ആരും നടപടി സ്വീകരിക്കില്ലെന്നാണ് താഴെ തട്ടിലുള്ള പോലീസുകാര്‍ പറയുന്നത്.