കോഴിക്കോട്: കോവിഡ് അതിരൂക്ഷമായി വര്‍ധിക്കുന്ന സാഹചര്യത്തിലും രാപ്പകലില്ലാതെ ഡ്യൂട്ടി ചെയ്യുന്ന പോലീസുകാര്‍ക്ക് ഉന്നത പോലീസുദ്യോഗസ്ഥന്റെ പരിഹാസം.
കോഴിക്കോട് സിറ്റി പോലീസ് പരിധിയിലെ ഇന്സ്പക്ടര്മാരേയും എസ്ഐമാരെയുമാണ് പരിഹാസം കലര്‍ന്ന സ്വരത്തില്‍ രൂക്ഷമായി വിമര്‍ശിച്ചത്. ഇന്ന് രാവിലെയുള്ള സാറ്റ (പ്രതിദിന വിവര ശേഖരം) യിലാണ് കേസുകള്‍ കുറഞ്ഞതിനെതിരേ മേലുദ്യോഗസ്ഥന് വിമര്‍ശനമുന്നയിച്ചത്.
കോവിഡ് കേസുകളില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതു മായി ബന്ധപ്പെട്ടാണ് തീരദേശ മേഖലയിലെ ഇന്‍സ്പക്ടര്‍ക്ക് പരിഹാസം കേള്‍ക്കേണ്ടതായി വന്നത്. രണ്ട് കേസുകളില്‍ വരും ദിവസം കുറ്റപത്രം സമര്‍പ്പിക്കുമെന്നായിരുന്നു അറിയിച്ചത്.
രണ്ട് കേസുകളോ ഇത് കൂടുതലാണെന്ന രീതിയിലാണ് മേലുദ്യോഗസ്ഥന്റെ പരിഹാസം . അപകടകരമാം വിധത്തില്‍ ആരോഗ്യപ്രവര്‍ത്തകരില്‍ രോഗവ്യാപനമുണ്ടാവുന്നിടത്തെ ഒരു ഇന്‍സ്പക്ടറെ പേരുപറഞ്ഞായിരുന്നു പരിഹസിച്ചതെന്നാണ് സേനയ്ക്കുള്ളിലെ ആരോപണം.
ഇതിനു പുറമേ കണ്ടെയ്ന്മെന്റ് സോണില്‍ നിന്ന് കൂടുതല്‍ കേസുകള്‍ പിടികൂടണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് പോലീസുകാര്‍ പറയുന്നത്.
കോവിഡ് ഭീതിയിലും അവധി പോലുമെടുക്കാതെയാണ് പല സ്റ്റേഷനുകളിലും ഇന്‍സ്പക്ടര്‍മാരും എസ്ഐമാരും മറ്റു പോലീസുകാരും ജോലി ചെയ്തുവരുന്നത്.
കോവിഡ് കേസുകള്‍ക്കു പിന്നാലെ മോഷണ, കവര്‍ച്ചാ കേസുകളും അനുദിനം വര്‍ധിച്ചുവരികയാണ്. ഇത്തരത്തില്‍ മുഴുവന്‍ സമയവും ജോലിയില്‍ മുഴുകുന്ന പോലീസുദ്യോഗസ്ഥരോടുള്ള മേലുദ്യോഗസ്ഥരുടെ പെരുമാറ്റം മനോവീര്യം തകര്‍ക്കുന്നതാണെന്നാണ് സേനയ്ക്കുള്ളിലെ അഭിപ്രായം.
അതേസമയം പോലീസുകാരെ ജാഗരൂകരാക്കുകയെന്ന ലക്ഷ്യത്തോടെയാണ് മേലുദ്യോഗസ്ഥന് നടപടി സ്വീകരിക്കുന്നതെന്നാണ് മറ്റുദ്യോഗസ്ഥര്‍ പറയുന്നത്.
നേരത്തെ രാത്രിയില്‍ പട്രോളിംഗിനിറങ്ങുന്ന ലോക്കല്പോലീസിന്റെ മൊബൈല്‍ പാര്‍ട്ടിയും കണ്ട്രോള് റൂം സംഘവും ഒരു കേസെങ്കിലും രജിസ്റ്റര്‍ ചെയ്തിരിക്കണമെന്ന് നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ ക്വാട്ട നിശ്ചയിച്ചത് സേനയില്‍ വിവാദമായതോടെ ഈ നിര്‍ദേശം പിന്‍വലിക്കുകയായിരുന്നു.