കണ്ണൂർ: സഹപ്രവർത്തകരെ ജാമ്യം നിർത്തി കെഎസ്എഫ്ഇ അടക്കമുള്ള സാന്പത്തികസ്ഥാപനങ്ങളിൽനിന്ന് വായ്പയെടുത്തശേഷം തിരിച്ചടവ് മുടക്കുന്ന കണ്ണൂർ സ്വദേശിയായ പോലീസ് ഉദ്യോഗസ്ഥനെതിരേ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകാനൊരുങ്ങി സഹപ്രവർത്തകരായ പോലീസുകാർ.
ഈ ഉന്നത ഉദ്യോഗസ്ഥൻ കാരണം പലർക്കും വൻ സാന്പത്തിക ബാധ്യതയാണ് വരുത്തിവച്ചിരിക്കുന്നത്. കഴിഞ്ഞദിവസം മലപ്പുറം എംഎസ്പി ക്വാർട്ടേഴ്സിലെ താമസസ്ഥലത്ത് എസ്ഐയായ തളിപ്പറന്പ് ഏഴാംമൈൽ ശാന്തിനഗറിലെ കെ.വി. മനോജ് കുമാറിനെ മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു.
മരണകാരണം സാന്പത്തിക ബാധ്യതയെന്നാണ് പ്രാഥമിക നിഗമനം. മനോജ് കുമാർ ഇയാൾക്കുവേണ്ടി കെഎസ്എഫ്ഇയിൽനിന്ന് വായ്പയെടുത്തതിന് ജാമ്യം നിന്നിരുന്നു.
തുടർന്ന് തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് മനോജ് കുമാറിന്റെ ശന്പളത്തിൽനിന്ന് പിടിക്കുകയായിരുന്നു. കഴിഞ്ഞ 27 മാസമായി ഇങ്ങനെയായിരുന്നു അവസ്ഥ. ഈ സാന്പത്തിക ബാധ്യത മനോജ് കുമാറിനെ മനോവിഷമത്തിലാക്കിയിരുന്നതായി സഹപ്രവർത്തകർ പറയുന്നു.
കണ്ണൂർ സ്വദേശിയായ ഉദ്യോഗസ്ഥൻ മാങ്ങാട്ടുപറന്പ് കെഎപി ബറ്റാലിയനിൽ സർവീസ് തുടങ്ങിയതുമുതലാണ് സഹപ്രവർത്തകരെയും പുതിയതായി എത്തുന്ന ട്രെയിനികളെയും ജാമ്യം നിർത്തി വായ്പയെടുക്കുന്നത് പതിവായത്.
വായ്പയെടുക്കുന്ന പണം വിവിധ ബിസിനസ് ആവശ്യങ്ങൾക്കായി ഇയാൾ ഉപയോഗിച്ചു. എന്നാൽ ബിസിനസെല്ലാം പരാജയമായിരുന്നു. മലപ്പുറം എംഎസ്പി ക്യാന്പ് ഉൾപ്പെടെ ഇയാൾ ജോലിചെയ്ത സ്ഥലങ്ങളിലെല്ലാം ഇയാൾക്ക് ജാമ്യം നിന്നവരെല്ലാം സാന്പത്തിക ബാധ്യതയിൽ വലയുകയാണ്.
പോലീസ് ആക്ടിൽ പറയുന്നത് പോലീസുകാർ തമ്മിൽ കടം കൊടുക്കാനോ കടം വാങ്ങാനോ പാടില്ലെന്നാണ്. അതിനാൽ ഒരു പോലീസുകാരന്റെ കൈയിൽനിന്നും മറ്റൊരു പോലീസുകാരൻ പണം കടം വാങ്ങിയിട്ട് തിരികെ നല്കിയില്ലെങ്കിൽ പരാതിയുമായി പോകുവാനും സാധിക്കില്ല.
ഇതാണ് എസ്ഐ റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ തുറുപ്പുചീട്ട്. മനോജ് കുമാറിനെപ്പോലെ 22 ഓളം പോലീസുകാർ ഇയാൾക്കുവേണ്ടി ജാമ്യംനിന്ന് വഞ്ചിതരായിട്ടുണ്ടെന്നും സഹപ്രവർത്തകർ പറയുന്നു.