മൂവാറ്റുപുഴ: മദ്യലഹരിയിൽ വാഹനം ഓടിക്കുന്നവരുടെ എണ്ണം വർധിച്ചുവരുന്നതിനൊപ്പം അപകടങ്ങളും തുടർക്കഥയായതോടെ മോട്ടോർ വാഹന വകുപ്പ് പരിശോധന കർശനമാക്കി.
മൂവാറ്റുപുഴ, വാഴക്കുളം, കൂത്താട്ടുകുളം, പിറവം, കോലഞ്ചേരി മേഖലകളിൽ ഇന്നലെ വിവിധ സ്ക്വാഡുകൾ നടത്തിയ വാഹന പരിശോധനയിൽ 113 കേസുകൾ രജിസ്റ്റർ ചെയ്തു. 46,950 രൂപ പിഴ ഈടാക്കി.
കോണ്ടാക്ട് ലെസ് എൻഫോഴ്സ്മെന്റ് സംവിധാനമായ ഇ-ചെലാൻ മുഖേനയാണ് കേസുകൾ രജിസ്റ്റർ ചെയ്തത്.
ഇരുചക്രവാഹനം ഓടിക്കുന്നയാളും പിൻസീറ്റിൽ യാത്രചെയ്യുന്ന വ്യക്തിയും നിർബന്ധമായും ഹെൽമറ്റ് ധരിച്ചില്ലെങ്കിൽ പിഴയടയ്ക്കണം. ഇരുചക്രവാഹനത്തിൽ അമിതവേഗത്തിൽ ഉഗ്രശബ്ദത്തോടെ ചീറിപ്പായുന്നവരെയും പിടികൂടും.
മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് പരിശോധന കർശനമാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം മൂവാറ്റുപുഴ നെഹ്റു പാർക്ക് ജംഗ്ഷനിൽ മദ്യലഹരിയിൽ വാഹനം ഓടിച്ചെത്തിയ ഗുഡ്സ് ഓട്ടോറിക്ഷ ഡ്രൈവറെ പിടികൂടിയിരുന്നു.
ഏതാനും ദിവസങ്ങൾക്ക് മുന്പ് കച്ചേരിത്താഴം സയാന വളവിൽ മദ്യപിച്ച ലോറി ഡ്രൈവറെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചിരുന്നു.
കോവിഡ് വ്യാപകമായ സാഹചര്യത്തിൽ പ്രായോഗിക ബുദ്ധിമുട്ടിനെ തുടർന്ന് വാഹന പരിശോധനയ്ക്ക് ഇളവ് വന്നതോടെ മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ എണ്ണം വർധിച്ചുവരികയാണ്.
ഇതോടെ ചെറുതും വലുതുമായ നിരവധി അപകടങ്ങളും പതിവു കാഴ്ച്ചയാണ്. ഇതേത്തുടർന്നാണ് മോട്ടോർവാഹന വകുപ്പ് പരിശോധന വീണ്ടും കർശനമാക്കിയിരിക്കുന്നത്.
പരിശോധനയ്ക്ക് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കെ.ബി. ബിജേഷ്, അബിൻ ഐസക്ക്, മഹേഷ് കെ. മോഹൻ, ഫവാസ് വി. സലീം എന്നിവർ പങ്കെടുത്തു.