വെഞ്ഞാറമൂട്: സത്യവാങ്മൂലം കൈയിലില്ലാതെ ഇരുചക്രവാഹനത്തിലെത്തിയ വയോധികനെ പോലീസ് പിടികൂടി തിരിച്ചയച്ചു. ഇരുചക്രവാഹനം പോലീസ് പിടിച്ചെടുത്തു.
കാൽനടയായി തിരിച്ചെത്തിയ ഇദ്ദേഹം വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചു. നഗരൂർ, കടവിള കൊടിവിള വീട്ടിൽ സുനിൽകുമാർ (56) ആണ് കുഴഞ്ഞു വീണ് മരിച്ചത്.
ഇദ്ദേഹം ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. ശനിയാഴ്ചയാണ് സംഭവം.
രാവിലെ 8.30 മണിയോടെ നഗരൂർ ആൽത്തറമൂട് ജംഗ്ഷനിലെ കടയിൽ നിന്നും പഴം വാങ്ങി നിൽക്കവേയാണ് നഗരൂർ പോലീസ് സുനിൽകുമാറിനെ പിടികൂടിയത്.
കൈയിൽ സത്യവാങ്മൂലം ഇല്ലാത്തതിനാൽ ഇരുചക്രവാഹനം കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ചു. രണ്ടുകിലോമീറ്ററിലേറെ ദൂരം നടന്ന് വീട്ടിലെത്തിയ ഇദ്ദേഹം കുഴഞ്ഞ് വീഴുകയായിരുന്നു.
തുടർന്ന് കാരേറ്റ് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഹൃദ്രോഗിയായിരുന്ന സുനിൽകുമാർ മരുന്നുവാങ്ങാനായി നഗരൂർ ജംഗ്ഷനിലെ മെഡിക്കൽ സ്റ്റോറിലേക്ക് പോയതാണെന്നും പറയപ്പെടുന്നു. സിദ്ധാർഥ് ഏക മകനാണ്.