കൊച്ചി: പിഴവ് വരുത്താത്ത മാസ്റ്റർപ്ലാൻ… പ്രതികളുടെ സഹായിയെ ഉപയോഗിച്ചുള്ള പോലീസ് ഓപ്പറേഷൻ… സിനിമയെ വെല്ലുന്ന തിരക്കഥയിൽ കോടനാട് പോലീസ് പിടികൂടിയത് ഒരു മാസത്തിലേറെ കബളിപ്പിച്ചു നടന്ന മോഷ്ടാക്കളെ. പെരുന്പാവൂരിലെ അബ്കാരി കോണ്ട്രാക്ടറുടെ വീട്ടിൽ കയറി ആധാരം മോഷ്ടിച്ച കേസിലാണ് ഒരു മാസത്തിലേറെയായി പിടിതരാതെ മുങ്ങി നടന്ന മോഷ്ടാക്കളെ വിദഗ്ധമായി പോലീസ് പിടികൂടിയത്.
തോട്ടുവ സ്വദേശികളായ പാറയിൽ കുട്ടൻ എന്നുവിളിക്കുന്ന എയ്ജോ (40), പനയിൽക്കുടി വീരപ്പൻ എന്നു വിളിക്കുന്ന നോബി (32) എന്നിവരെയാണ് അബ്കാരി കോണ്ട്രക്ടർ തോട്ടുവ നെടുങ്കണ്ടത്തിൽ ജോയ് ജോസഫിന്റെ വീട്ടിൽ കയറി മോഷ്ടിച്ച കേസിൽ അറസ്റ്റിലായത്. ഇവരെ സഹായിച്ച എളന്പകപ്പിള്ളി സ്വദേശിയായ ഓട്ടോഡ്രൈവർ കസ്റ്റഡിയിലുണ്ട്. മോഷണ സംഘത്തിലെ ഒരാൾ ഒളിവിലുമാണ്.
കഴിഞ്ഞ ഡിസംബർ 12നായിരുന്നു കേസിനാസ്പദമായ സംഭവം. ജോയിയും കുടുംബവും വൈകിട്ട് ഏഴിന് വീടുപൂട്ടി പുറത്തേക്കു പോയ തക്കംനോക്കി മോഷ്ടാക്കൾ വീടിനുള്ളിൽ കടന്നു. ഇരുനില കെട്ടിടം മുഴുവൻ അരിച്ചുപെറുക്കിയെങ്കിലും പണമോ സ്വർണമോ മോഷ്ടാക്കൾക്ക് കണ്ടെത്താൻ കഴിഞ്ഞില്ല. എന്നാൽ മുകളിലെ നിലയിലെ മുറിയിൽനിന്നു പണം അടങ്ങിയ ബാഗ് എന്നു കരുതി ഒരു സ്യൂട്ട്കേസ് മോഷ്ടാക്കൾ എടുത്തുകൊണ്ടുപോയി.
മോഷണം നടന്നതറിഞ്ഞ ജോയ് അടുത്തദിവസംതന്നെ പോലീസിൽ പരാതി നൽകി. കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും പ്രതികളെക്കുറിച്ച് ഒരു സൂചനയും ലഭിച്ചില്ല. ഇതിനിടെ മോഷ്ടാക്കളിലൊരാൾ ജോയിയെ ബുധനാഴ്ച ഫോണിൽ ബന്ധപ്പെട്ട് സ്യൂട്ട്കേസിലുണ്ടായിരുന്ന ആധാരം തിരികെ വേണമെങ്കിൽ 10 ലക്ഷം രൂപ വേണമെന്ന് ആവശ്യപ്പെട്ടു.
അത്രയും തന്റെ പക്കൽ ഇല്ലെന്നും മൂന്ന് ലക്ഷം തരാമെന്നും ജോയി പറഞ്ഞു. ഈ തുകയ്ക്കു സമ്മതിച്ച മോഷ്ടാക്കൾ അടുത്തദിവസം മലയാറ്റൂരിൽ വച്ച് ആധാരം കൈമാറാമെന്നു പറഞ്ഞുവച്ചു. ഈ വിവരം പോലീസിൽ അറിയിച്ചാൽ സ്കൂളിൽ പഠിക്കുന്ന മകന്റെ മകനെ തട്ടിക്കൊണ്ടുപോകുമെന്നും ഭീഷണിപ്പെടുത്തി.
എന്നാൽ ഇക്കാര്യങ്ങളൊക്കെ ജോയി കോടനാട് പോലീസിനെ ധരിപ്പിച്ചു. പിന്നീട് പോലീസ് പ്രതികളെ കുടുക്കാനുള്ള തിരക്കഥ തയാറാക്കി. പണംവാങ്ങാൻ നേരിട്ടെത്തുമെന്നു പറഞ്ഞ പ്രതികൾ പക്ഷേ ഒരു ഓട്ടോറിക്ഷ ഡ്രൈവറെ ദൗത്യം ഏൽപ്പിച്ച് പറഞ്ഞയച്ചു. സ്ഥലത്തെത്തിയ ഓട്ടോ ഡ്രൈവർ ആധാരം നൽകി പണം ആവശ്യപ്പെട്ടപ്പോഴേക്കും പോലീസ് ചാടിവീണു ഡ്രൈവറെ പിടികൂടി.
താൻ സംഘത്തിലുള്ളതല്ലെന്നും ആയിരം രൂപ തരാമെന്നു പറഞ്ഞ് തന്നെക്കൊണ്ട് ഇതു ചെയ്യിപ്പിക്കുകയായിരുന്നെന്നും ഓട്ടോഡ്രൈവർ പറഞ്ഞു. തുടർന്ന് ഓട്ടോഡ്രൈവറെ കൊണ്ടുതന്നെ പ്രതികളെ ഫോണിൽ ബന്ധപ്പെട്ട് അവർ നിൽക്കുന്ന സ്ഥലം മനസിലാക്കിയശേഷം കോടനാട് പോലീസ് സ്റ്റേഷന് സമീപത്തുള്ള ബാറിനു മുന്നിൽനിന്നു പിടികൂടുകയായിരുന്നു.