കോയന്പത്തൂർ: ഓൺലൈനിൽ റമ്മികളിച്ച് വൻതുക നഷ്ടപ്പെട്ടതിനെത്തുടർന്ന് കോയന്പത്തൂരിൽ പോലീസുകാരൻ സ്വയംനിറയൊഴിച്ച് ജീവനൊടുക്കി.
വിരുദനഗർ സ്വദേശി കാളിമുത്തു (29) ആണ് മരിച്ചത്. നഗരത്തിലെ ഒരു വ്യവസായ പ്രദർശനത്തിൽ പോലീസിന്റെ ആയുധങ്ങൾ പരിചയപ്പെടുത്തുന്ന സ്റ്റാളിലായിരുന്നു കാളിമുത്തുവിനെ ജോലിക്കായി നിയോഗിച്ചിരുന്നത്.
പ്രദർശനവേദിയിലെ തോക്ക് ഉപയോഗിച്ചാണ് ഇയാൾ വെടിവച്ചത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും കിഡ്നിയിലെ ഗുരുതരപരിക്കുമൂലം ജീവൻ രക്ഷിക്കാനായില്ല.
ഓൺലൈൻ റമ്മി കളിക്കാനായി കാളിമുത്തു 20 ലക്ഷം രൂപ കടമെടുത്തിരുന്നു. പണം തിരികെ കൊടുക്കാൻ കഴിയാത്തതിൽ കാ ളിമുത്തു കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് സഹപ്രവർത്തകർ പറഞ്ഞു.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ ഗെയ്മുകൾക്കെതിരേയുള്ള ഓർഡിനൻസ് ഉൾപ്പെടെ കൊണ്ടുവരുന്നതു പരിശോധിക്കാൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ വിദഗ്ധ സമിതിയെ നിയോഗിച്ചു.
മദ്രാസ് ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ജസ്റ്റീസ് കെ. ചന്ദ്രുവിന്റെ നേതൃത്വത്തിലാണു സമിതി.