കെ.ഷിന്റുലാല്‍
കോഴിക്കോട്: കോവിഡ് ഡ്യൂട്ടി ചെയ്ത പോലീസുകാര്‍ക്കു ബഹുമതിയായി നല്കാനുദ്യേശിച്ച “പതക്കം’ വീണ്ടും പോലീസില്‍ വിവാദമാവുന്നു.
ഇന്ന് വിരമിക്കാനിരിക്കെയാണ് ഡിജിപി ലോക്നാഥ് ബഹ്റ വീണ്ടും “കോവിഡ് വാറിയര്‍’ എന്നു രേഖപ്പെടുത്തിയ പതക്കം സംബന്ധിച്ച് പുതിയ ഉത്തരവിട്ടത്.
കോവിഡ് ഡ്യൂട്ടി ചെയ്ത എല്ലാ റാങ്കിലുമുള്ള പോലീസുകാര്‍ക്കും കോവിഡ് വാരിയര്‍ പതക്കം ധരിക്കാമെന്നാണ് ഡിജിപിയുടെ പുതിയ ഉത്തരവ്.
എന്നാല്‍ ധരിക്കാനുള്ള പതക്കം എവിടെ നിന്ന് ആര് നല്‍കുമെന്നത് അവ്യക്തമാണ്. സേനയിയെ ബഹുഭൂരിപക്ഷം പേര്‍ക്കും ഇതുവരേയും പതക്കം ലഭിച്ചിട്ടില്ല.
പതക്കവുമായി ബന്ധപ്പെട്ട് നേരത്തെ ഉയര്‍ന്ന ആരോപണങ്ങളും വിവാദങ്ങളും കെട്ടടങ്ങുന്നതിന് മുമ്പേ വീണ്ടും പുതിയ നിര്‍ദേശം പുറപ്പെടുവിച്ചതില്‍ ഗൂഢാലോചനയുണ്ടെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്.
പണം കൊടുത്ത് വേണ്ടെന്ന്
30 ദിവസം കോവിഡ് ഡ്യൂട്ടി ചെയ്ത എല്ലാ റാങ്കിലുമുള്ള പോലീസുകാര്‍ക്കും കോവിഡ് പതക്കം ബഹുമതിയായി നല്‍കുമെന്നായിരുന്നു കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 17 ലെ പ്രഖ്യാപനം.
പിന്നീട് പുറത്തിറക്കിയ സര്‍ക്കുലറില്‍ ചെറുപതക്കം പണം നല്കി വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ പോലീസ് ആസ്ഥാനത്തെ ഇമെയിലില്‍ റജിസ്റ്റര്‍ ചെയ്യുകയോ പോലീസ് ആസ്ഥാനത്തെ സിഐയെ ബന്ധപ്പെടുകയോ ചെയ്യണമെന്നായിരുന്നു നിര്‍ദേശം.
ഇതാണ് വിവാദമായി മാറിയത്. ഉത്തരവിനെ തുടര്‍ന്ന് സംസ്ഥാനത്തെ പോലീസുകാരില്‍ ബഹുഭൂരിപക്ഷം പേരും പണം കൊടുത്ത് വാങ്ങുന്ന ബഹുമതി ആവശ്യമില്ലെന്ന നിലപാട് സ്വീകരിച്ചു.
നൂറു രൂപ നല്കി പതക്കം വാങ്ങാന്‍ പോലീസുകാര്‍ക്ക് താത്പര്യമില്ലെന്ന് വ്യക്തമാക്കികൊണ്ട് കെഎപി മൂന്നാം ബറ്റാലിയന് കമാന്‍ഡന്റ് ജെ. ജയനാഥ് ഡിജിപിയ്ക്ക് റിപ്പോര്‍ട്ടും നല്‍കിയിരുന്നു.
ഇത് ഏറെ ചര്‍ച്ചയായി മാറുകയും പതക്കവിതരണം നിര്‍ത്തുകയുമായിരുന്നു. എന്നാല്‍ വീണ്ടും ഇപ്പോള്‍ പതക്കം ഏവര്‍ക്കും യൂണിഫോമില്‍ പിന് ചെയ്തു ധരിക്കാമെന്നാണ് ഡിജിപിയുടെ ഉത്തരവ്.
അതേസമയം പതക്കം എങ്ങനെ വാങ്ങണമെന്നത് സംബന്ധിച്ച് ഉത്തരവില്‍ പരാമര്‍ശിച്ചിട്ടില്ല. പണം കൊടുത്ത് വാങ്ങാനാണോ അല്ലെങ്കില്‍ ആഭ്യന്തരവകുപ്പ് സൗജന്യമായി നല്‍കുമോയെന്നതില്‍ പോലും അവ്യക്തത നിലനില്‍ക്കുകയാണ്.
പഞ്ചാബിൽ നിന്നു വാങ്ങണോ?
അതേസമയം പഞ്ചാബിലെ കമ്പനിയില്‍ നിന്നായിരുന്നു നേരത്തെ പതക്കം വാങ്ങിയത്. സംസ്ഥാനത്ത് 52,000 പോലീസുകാരാണ് കോവിഡ് ഡ്യൂട്ടി ചെയ്തതെന്നാണ് കണക്കുകള്‍.
2956 കിലോമീറ്റര്‍ അകലെയുള്ള പഞ്ചാബിലെ ലുധിയാനയിലുള്ള ബികെവി എന്റര്‍പ്രൈസസില്‍ നിന്നാണ് കേരള പോലീസിന്റെ വെല്‍ഫെയര്‍ ബ്യൂറോയ്ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന സംതൃപ്തി കഫറ്റേരിയ പതക്കം വാങ്ങിയത്.
കേരളത്തില്‍ ധാരാളം കമ്പനികള്‍ ഇത്തരത്തിലുള്ള പതക്കം നിര്മിക്കുമെന്നിരിക്കെ പഞ്ചാബിലെ കമ്പനിയെ തെരഞ്ഞെടുത്തില്‍ ദുരൂഹതയുണ്ടെന്നാണ് സേനയിലെ പൊതു അഭിപ്രായം.
ഈ കമ്പനിയില്‍ നിന്ന് തന്നെ പതക്കം വാങ്ങാനുണ്ടായ സാഹചര്യവും അവ്യക്തമാണ്. പോലീസുകാര്‍ 100 രൂപ നല്കി പതക്കം കൈപ്പറ്റിയിരുന്നെങ്കില്‍ സര്‍ക്കാറിലേക്ക് 52 ലക്ഷം രൂപയും ലഭിക്കുമെന്നായിരുന്നു വാദം.