മഞ്ചേരി: ഭാര്യയേയും മക്കളെയും കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഭർത്താവിനെ കണ്ടെത്താൻ എട്ടുവർഷമായിട്ടും പോലീസിനു കഴിഞ്ഞില്ല.
അരീക്കോടിനടുത്ത് ആലുക്കലിൽ ഭാര്യയേയും മക്കളെയും സ്കൂട്ടറിൽ നിന്നു വെള്ളകുഴിയിലേക്കു തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിലാണ് ഭർത്താവ് എട്ടു കൊല്ലമായി ഒളിവിൽ കഴിയുന്നത്.
മഞ്ചേരി പോലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചെങ്കിലും പ്രതിയെ പിടികൂടാൻ പോലീസിനു കഴിയാത്തത് കേസിന്റെ നടപടികൾ സ്തംഭിപ്പിച്ചിരിക്കുകയാണ്.
വാവൂർ കൂടാംതൊടി സാബിറ (21), മക്കളായ ഫാത്തിമ ഫിദ (നാലര), ഫാത്തിമ ഹൈഫ(രണ്ട്) എന്നിവർ മരിച്ച കേസിലാണ് സാബിറയുടെ ഭർത്താവായ മുഹമ്മദ് ഷെരീഫിനെ (31) പിടികൂടാൻ പോലീസിന് ഇതുവരെ കഴിയാത്തത്.
2013 ജൂലൈ 22ന് തിങ്കളാഴ്ച പുലർച്ചെ രണ്ടോടെ ആയിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്.
അരീക്കോട്-എടവണ്ണപ്പാറ റോഡിൽ ആലുക്കൽ അങ്ങാടിക്ക് സമീപം മണൽ കടവിലേക്കുള്ള റോഡരികിൽ മണ്ണെടുത്ത കുഴിയിലെ വെള്ളക്കെട്ടിലേക്കു സ്കൂട്ടർ വീഴ്ത്തിയാണ് ഭാര്യയേയും മക്കളെയും കൊലപ്പെടുത്തിയത്.
നിയന്ത്രണം വിട്ട് സ്കൂട്ടർ അപകടത്തിൽപ്പെട്ടതാണെന്നാണ് ആദ്യം കരുതിയത്. എന്നാൽ ഭാര്യയെയും മക്കളെയും ഷെരീഫ് മനഃപ്പൂർവം കൊലപ്പെടുത്തുകയായിരുന്നെന്ന് മലപ്പുറം ഡിവൈഎസ്പി എസ്. അഭിലാഷിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
മഞ്ചേരി സിഐയാണ് കേസ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. മഞ്ചേരി ജില്ലാ സെഷൻസ് കോടതിയിൽ കേസിന്റെ വിചാരണ ആരംഭിക്കാനിരിക്കെയാണ് മുഹമ്മദ് ഷെരീഫ് മുങ്ങിയത്.