ന്യൂഡൽഹി: ഉത്തർപ്രദേശിൽ 22 വയസുകാരനെ മാംസം ഭക്ഷിച്ചെന്ന് ആരോപിച്ച് തല്ലിക്കൊന്നതായി റിപ്പോർട്ട്.
ഡൽഹിക്കടുത്ത് ഗാസിയാബാദിലുള്ള ക്ഷേത്രത്തിലും സമീപത്തുള്ള ഏതാനും കടകളിലും ശുചീകരണ തൊഴിലാളിയും മീററ്റ് സ്വദേശിയുമായ പ്രവീണ്‍ സെയ്നി ആണ് മൂവർ സംഘത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
പ്രവീണ്‍ സെയ്നിയെ അക്രമിച്ച സൈനികനായ നിതിൻ ശർമ, അശ്വിനി ശർമ, അകാശ് ത്യാഗി എന്നിവരെ ഗാസിയാബാദ് പോലീസ് അറസ്റ്റു ചെയ്തു.
മരിച്ച പ്രവീണ്‍ സോയയും റൊട്ടിയുമാണു കഴിച്ചതെന്നും മാംസം കഴിച്ചിട്ടില്ലെന്നും പോലീസ് സ്ഥിരീകരിച്ചു.
ക്ഷേത്രത്തിനു സമീപം ഇരുന്നു ഭക്ഷണം കഴിക്കുകയായിരുന്ന പ്രവീണിനെ ഇരുന്പുദണ്ഡുകളും വടികളും ഉപയോഗിച്ചു ക്രൂരമായി തല്ലിച്ചതയ്ക്കുകയായിരുന്നു. അക്രമികൾ മദ്യപിച്ചിരുന്നു.
എന്നാൽ മാംസം കഴിച്ചതിനെ തുടർന്നായിരുന്നില്ല അക്രമം ഉണ്ടായതെന്നാണു യുപി പോലീസിന്റെ വിശദീകരണം.
ഭക്ഷണത്തെക്കുറിച്ച് എന്തെങ്കിലും പ്രശ്നം ഉണ്ടായതിനു തെളിവില്ല. എല്ലാവരും സസ്യാഹാരമായിരുന്നു കഴിച്ചിരുന്നത്.
അറസ്റ്റിലായ നിതിനും കൂട്ടരും കഴിക്കുന്നതെന്തെന്നു പരിശോധിക്കാൻ പ്രവീണും കൂട്ടരും എത്തിയതാണു പ്രകോപനത്തിനു കാരണമെന്നും പോലീസ് അവകാശപ്പെട്ടു. സൈന്യത്തിൽ നിന്നു അവധിക്കു നാട്ടിലെത്തിയതായിരുന്നു നിതിൻ.