കോഴിക്കോട് : നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സ്ഥലം മാറ്റ ഉത്തരവില്‍ ഞെട്ടി പോലീസുകാര്‍. ഡിവൈഎസ്പി, ഇന്‍സ്പക്ടര്‍, സബ് ഇന്‍സ്പക്ടര്‍ റാങ്കിലുള്ള പോലീസുദ്യോഗസ്ഥരുടെ സ്ഥല മാറ്റ ഉത്തരവാണ് ഇപ്പോള്‍ വിവാദമായി മാറുന്നത്.
മണിക്കൂറുകള്‍ക്കുള്ളില്‍ പുതിയ സ്ഥലത്ത് ചുമതലയേല്‍ക്കണമെന്ന് നിര്‍ദേശിച്ചുകൊണ്ടാണ് ഇന്നലെ വൈകിട്ട് ക്രമസമാധാന ചുമതല നിര്‍വഹിക്കുന്ന എഡിജിപി ഉത്തരവിട്ടത്.
മറ്റു ജില്ലകളിലേക്ക് സ്ഥലം മാറിപോവുന്ന ഉദ്യോഗസ്ഥരുടെ യാത്രാസമയം പോലും കണക്കാക്കാതെയാണ് തിങ്കളാഴ്ച രാവിലെ പുതിയ സ്ഥലത്ത് ചുമതലയേല്‍ക്കാന്‍ നിര്‍ദേശം നല്‍കിയത്.
കുടുംബ സമേതമാണ് പലരും ഇപ്പോള്‍ താമസിക്കുന്നത്. ഓഫീസ് സംബന്ധമായ നടപടികള്‍ ഇന്ന് പൂര്‍ത്തിയാക്കിയ ശേഷമേ ഓഫീസര്‍മാര്‍ക്ക് കുടുംബവുമായി പുറപ്പെടാന്‍ സാധിക്കുകയുള്ളൂ.
പുതുതായി ചുമതലയേല്‍ക്കുന്ന സ്ഥലങ്ങളില്‍ താമസ സൗകര്യം പോലുമില്ലാത്തതിനാല്‍ കുടുംബാംഗങ്ങളുമായി പോവാനും സാധിക്കില്ല. ഇത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.
കൂടാതെ പലര്‍ക്കും മണിക്കൂറുകളോളം യാത്ര ചെയ്തുവേണം നിശ്ചിത പോലീസ് ജില്ലകളിലെത്തി ചുമതലയേല്‍ക്കാന്‍. അതിനാല്‍ നാളെ രാവിലെ തന്നെ പുറപ്പെടേണ്ട അവസ്ഥയാണുള്ളത്.
ഓഫീസ് സംബന്ധമായ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ തന്നെ മണിക്കൂറുകളുടെ കാലതാമസമുണ്ട്. അതേസമയം എഡിജിപിയുടെ ഉത്തരവ് സര്‍വീസ് ചട്ടങ്ങളുടെ ലംഘനമാണെന്ന ആരോപണവും സേനയില്‍ ഉയര്‍ന്നിട്ടുണ്ട്.
സ്വമേധയാ അല്ലാതെയുള്ള സ്ഥലം മാറ്റത്തിന് ഏഴ് ദിവസത്തെ കാലതാമസം ചട്ടത്തില്‍ നല്‍കുന്നുണ്ട്. ഇപ്പോള്‍ ജോലി ചെയ്യുന്ന സ്ഥലത്ത് നിന്ന് ഔദ്യോഗികമായി വിട്ടാല്‍ ഏഴ് ദിവസത്തിനുള്ളില്‍ പുതിയ സ്ഥലത്ത് ചുമതലയേല്‍ക്കണമെന്നാണ് ചട്ടം.
എന്നാല്‍ പോലീസുകാരുടെ കാര്യത്തില്‍ ഇത്തരം നടപടി ക്രമങ്ങളൊന്നും പാലിക്കുന്നില്ലെന്നാണ് സേനാംഗങ്ങള്‍ പറയുന്നത്. സംസ്ഥാനത്തെ 141 ഡിവൈഎസ്പിമാര്ക്കാണിപ്പോള് സ്ഥലം മാറ്റമുള്ളത്.
ഇതിന് പുറമേ 359 ഇന്‍സ്പക്ടര്‍മാര്‍ക്കും സ്ഥലം മാറ്റമുണ്ട്. ഇതില്‍ 21 പേര് എസ്ഐ റാങ്കില്‍ നിന്ന് ഇന്സപ്കടറായി സ്ഥാനകയറ്റം ലഭിച്ചവരാണ്.
കൂടാതെ നാല് റേഞ്ച്കളിലായു 700 ഓളം എസ്ഐമാരേയും സ്ഥലം മാറ്റിയിട്ടുണ്ട്. കോഴിക്കോട് റേഞ്ചില്‍ മാത്രം 174 എസ്ഐമാരെയാണ് സ്ഥലം മാറ്റിയത്.