കുമളി: ലൈസൻസില്ലാത്ത തോക്കുകളും കാട്ടുമൃഗത്തിന്റെ അവശിഷ്ടങ്ങളുമായി മുൻ പോലീസ് ഉദ്യോഗസ്ഥൻ പോലീസ് പിടിയിലായി.
ഡിവൈഎസ്പിയുടെ പ്രത്യേക അന്വേഷണസംഘവും ഇടുക്കി ജില്ലാ ഡാൻസഫ് അംഗങ്ങളും കുമളി പോലീസും ചേർന്നു നടത്തിയ പരിശോധനയിലാണ് കുമളി കിഴക്കയിൽ ഈപ്പൻ വർഗീസ് ( 70) പിടിയിലായത്.
ഇയാളുടെ വീട്ടിൽനിന്നു ലൈസൻസില്ലാത്ത തോക്കുകളും കാട്ടുമൃഗത്തിന്റെ അവശിഷ്ടവും പിടിച്ചെടുത്തു.
കഴിഞ്ഞ നവംബറില്‍ ഈപ്പൻ വർഗീസിന്റെ ഉടമസ്ഥതയിലുള്ള കുമളിയിലെ വീട് കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയില്‍ രണ്ടര ലക്ഷം രൂപയുമായി ചീട്ടുകളിസംഘത്തെ പോലീസ് പിടികൂടിയിരുന്നു.
ചെറിയ ഇടവേളയ്ക്കു ശേഷം വീണ്ടും ഇവിടെ ചീട്ടുകളിക്കൊപ്പം മൃഗവേട്ട ഉള്‍പ്പടെ നടക്കുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചു.
ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ രാത്രി നടത്തിയ പരിശോധനയിൽ ചീട്ടുകളിസംഘത്തെയും പിടികൂടി. ഇവരിൽനിന്ന് 1,35,040 രൂപ കണ്ടെടുത്തു.
ഈപ്പന്റെ ഉടമസ്ഥതയിലുള്ള ചീട്ടുകളി സങ്കേതത്തില്‍ നടത്തിയ വിശദമായ പരിശോധനയില്‍ മുറിയില്‍ പല സ്ഥലങ്ങളിലായി ഒളിപ്പിച്ചുവച്ചിരുന്ന തോട്ട ഉപയോഗിക്കുന്ന രണ്ടു നാടന്‍ തോക്കുകളും രണ്ടു എയര്‍ റൈഫിളുകളും നിരവധി തോട്ടകളും വെടിമരുന്ന് നിറച്ചിരുന്ന തോട്ടകളും തോട്ടയില്‍ ഉപയോഗിക്കുന്ന വെടിയുണ്ട ഉള്‍പ്പെടെയുള്ളവയും കണ്ടെത്തി.
കാട്ടുപന്നിയുടേതെന്നു സംശയിക്കുന്ന തേറ്റയും പോലീസ് ഇവിടെനിന്നു കണ്ടെടുത്തു. സര്‍വീസിലിരുന്ന കാലത്ത് നിരവധി കേസുകളില്‍ പങ്കാളിയായ ഇയാളെ സര്‍വീസില്‍നിന്നു പിരിച്ചുവിടുകയായിരുന്നു.
കുമളിയില്‍ തമിഴ്നാട് വന അതിര്‍ത്തിയോടു ചേര്‍ന്ന് സ്ഥലം വാങ്ങി കെട്ടിടം പണിത് അവിടെ ചീട്ടുകളി ക്ലബ്ബും വന്യമൃഗവേട്ടയും മറ്റു നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും നടന്നതിന്റെ കൃത്യമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് ഇടുക്കി ജില്ലാ പോലീസ് മേധാവി വി.യു. കുര്യാക്കോസ് പറഞ്ഞു.
വനമേഖലയില്‍ നിരന്തരം കയറി കാട്ടുമൃഗങ്ങളെ വേട്ടയാടുന്നതായി തമിഴ്നാട് ഫോറസ്റ്റ് ഇന്റലിജന്‍സിനു വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ അവരും പിടികൂടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ ഇടുക്കി പോലീസിന്റെ പിടിയിലായത്.
കട്ടപ്പന ഡിവൈഎസ്പി വി.എ. നിഷാദ്മോന്, കുമളി സിഐ ജോബിന് ആന്റണി, എസ്ഐമാരായ പി.ഡി. അനൂപ് മോന്, സജിമോന്‍ ജോസഫ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.