തൃശൂർ: വോട്ട് ചെയ്യാൻ എത്തിയവരെയും വോട്ട് കഴിഞ്ഞ് പുറത്തു പോയവർക്കുമെതിരെ പോലീസിന്റെ ഭീഷണിയും ഫോട്ടോയെടുക്കലും.
സ്ത്രീ വോട്ടർമാരുടെയടക്കം ഫോട്ടോയെടുത്തത് ചോദിക്കാനെത്തിയവർക്കെതിരേ തട്ടിക്കയറി നടപടിയെടുക്കുമെന്ന് ആക്രോശം.
ഇന്നു രാവിലെ കരുവന്നൂർ സെന്റ് സെബാസ്റ്റ്യൻ ചർച്ച് വെസ്ക്ക ഹാൾ വോട്ടിംഗ് കേന്ദ്രത്തിൽ ഡ്യൂട്ടിയുണ്ടായിരുന്ന പോലീസാണ് വോട്ടർമാരെ ഭീഷണിപ്പെടുത്തി പോളിംഗ് അലങ്കോലമാക്കിയത്.
വോട്ട് ചെയ്ത് പുറത്തു വന്നയാൾ കോന്പൗണ്ടിന് പുറത്ത് നിന്ന എണ്‍പത് വയസായ വയോധികനോട് സംസാരിച്ചതിന് പോലീസ് ഭീഷണിപ്പെടുത്തുകയായിരുന്നു.
ഫോട്ടോയെടുത്തതിനുശേഷം അഡ്രസ് എഴുതിയെടുത്തു. താൻ ചെയ്ത തെറ്റ് എന്താണെന്ന് ചോദിച്ച് ചെന്നവരോട് തനിക്കിഷ്ടമുള്ളത് ചെയ്യുമെന്നും നിങ്ങൾ അതൊന്നും അറിയേണ്ടെന്നായിരുന്നു പോലീസിന്റെ ആക്രോശം.
വോട്ട് ചെയ്യാൻ വരുന്നവർക്കെതിരെ പോലീസ് നേടത്തിയ തേർവാഴ്ചക്കെതിരെ വോട്ടർമാർ പ്രതിഷേധിച്ചെങ്കിലും പോലീസ് വീണ്ടും അതേ നിലപാട് തന്നെ തുടർന്നു.
പലരും വോട്ട് ചെയ്യാതെ തിരിച്ചു പോയതായും പറയുന്നു. വോട്ട് ചെയ്യാൻ വന്നവർക്കെതിരെ അനാവശ്യമായി പോലീസ് കേസെടുത്തതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്.