നാദാപുരം: തൂണേരിയിലെ മത്സ്യ മൊത്ത വിതരണക്കാരനായ കോവിഡ് രോഗിയുമായി എടച്ചേരി പോലീസ് സ്റ്റേഷനിലെ പോലീസുകാരന് സമ്പര്‍ക്കം പുലര്‍ത്തിയതായി സ്ഥിരീകരിച്ചു .
ഇതോടെ സ്റ്റേഷനിലെ 24 പോലീസുകാരോട് ക്വാറന്റൈനില്‍ കഴിയാന്‍ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്കി. തൂണേരിയിലെ കോവിഡ് രോഗിയും മടപ്പള്ളി സ്വദേശിയായ പോലീസുകാരനും തമ്മിലാണ് പ്രാഥമിക സമ്പര്‍ക്കമുണ്ടായത്.
ഇതിന് ശേഷം പോലീസുകാരന് സ്റ്റേഷനിലെ മറ്റ് പോലീസുകാരുമായി ഇടപഴകി. ഇതോടെയാണ് സ്റ്റേഷനിലെ പകുതിയോളം പേര് ക്വാറന്റൈന് ആയിരിക്കുന്നത്.
നാദാപുരം അഗ്നി ശമന സേന പോലീസ് സ്റ്റേഷന് അണുവിമുക്തമാക്കി. ജില്ലയില്‍ ആദ്യമായാണ് ഇത്രയുമധികം പോലീസുകാര്‍ ഒരേ സമയം ക്വാറന്റൈനില്‍ പ്രവേശിച്ചത്.
കോവിഡ് ജാഗ്രതയുടെ ഭാഗമായി പോലീസുകാരുടെ ഡ്യൂട്ടി സമയത്തില്‍ ക്രമീകരണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനമുണ്ടായിരുന്നു. ജില്ലയില്‍ ഈ തീരുമാനം റൂറലില്‍ നടപ്പിലാക്കിയിരുന്നില്ല.
മടപ്പള്ളി സ്വദേശിയായ പോലീസുകാരന് തൂണേരിയിലെ കോവിഡ് ബാധിച്ച യുവാവുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടത് എന്തിനാണെന്ന കാര്യത്തില്‍ ദുരൂഹത നിലനില്‍ക്കുകയാണ്.
കോവിഡ് രോഗിയുടെ സമ്പര്‍ക്കപട്ടികയില്‍ പെട്ട പോലീസുകാരന് ആദ്യ ഘട്ടത്തില്‍ ആരോഗ്യവകുപ്പുമായി സഹകരിച്ചില്ലെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.