റാന്നി: റാന്നി – മല്ലപ്പള്ളി റോഡില്‍ ചെട്ടിമുക്കിന് സമീപം വെള്ളിയാഴ്ച കാറിടിച്ചു സ്കൂട്ടര്‍ യാത്രക്കാരി മരിച്ച സംഭവത്തില്‍ റാന്നി പോലീസ് സ്റ്റേഷനിലെ എഎസ്ഐ വിനോദ് പി മധുവിനെ അറസ്റ്റ് ചെയ്തു. പിന്നാലെ സസ്പെന്‍ഷനും.
അങ്ങാടി മാവേലി സ്റ്റോറിലെ ജീവനക്കാരി ചാലാപ്പള്ളി പുലിയുറുമ്പില്‍ ഗോപാലകൃഷ്ണന് നായരുടെ ഭാര്യ മിനികുമാരി (49)യാണ് മരിച്ചത്.
അങ്ങാടി എസ്ബിഐയിലെ ജീവനക്കാരി ലീന ഓടിച്ചിരുന്ന സ്കൂട്ടറിന്റെ പിന്നിലിരുന്നു യാത്ര ചെയ്യുകയായിരുന്ന മിനികുമാരി ഇടിയുടെ ആഘാതത്തില്‍ തെറിച്ചു വീണു തലയ്ക്ക്് ഗുരുതരമായ പരിക്കേറ്റു തല്‍ക്ഷണം മരിച്ചു.
പിന്നിലൂടെത്തിയ കാര്‍ ഇവരെ ഇടിച്ചു വീഴ്ത്തിയ ശേഷം നിര്‍ത്താതെ പോകുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ എഎസ്ഐ വിനോദ് പി. മധുവിന്റെ കാറാണ് അപകടമുണ്ടാക്കിയതെന്ന് തിരിച്ചറിഞ്ഞു.
വെള്ളിയാഴ്ച രാത്രി പോലീസ് വിനോദിന്റെ വീട്ടില്‍ എത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
ശനിയാഴ്ച രാവിലെ വിനോദ് അപകട വിവരം സ്റ്റേഷനില്‍ അറിയിക്കുകയായിരുന്നു. ഉടന്‍തന്നെ കാര്‍ കസ്റ്റഡിയിലെടുത്തു ഫോറന്‍സിക് വിദഗ്ധര്‍ തെളിവെടുപ്പ് നടത്തി.
അപകടത്തെ തുടര്‍ന്നു പരിഭ്രാന്തിയിലായ വിനോദ് ഭയം കാരണം നിര്‍ത്താതെ പോയെന്നാണ് സിഐയ്ക്കു നല്കിയ മൊഴി.
ഞാറാഴ്ച രാവിലെ അറസ്റ്റ് ചെയ്ത വിനോദിനെ മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തു പിന്നീട് ജാമ്യത്തില്‍ വിട്ടു.
സംഭവം സംബന്ധിച്ച് സിഐ നല്കിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് എഎസ്ഐയെ സര്‍വീസില്‍ നിന്നു ജില്ലാ പോലീസ് മേധാവി സസ്പെന്‍ഡു ചെയ്തത്.