നെടുങ്കണ്ടം: പലചരക്ക് കടയിൽ സാധനം വാങ്ങാൻപോയ പ്ലസ് ടു വിദ്യാർഥിയെ കന്പംമെട്ട് സിഐ മർദിച്ച സംഭവം ഉന്നത പോലീസ് ഉദ്യോഗസ്ഥർ ഇടപെട്ട് തീർപ്പാക്കി. കന്പംമെട്ട് സിഐ ജി. സുനിൽകുമാറാണ് വിദ്യാർഥിയെ മർദിച്ചത്.
മർദനത്തിൽ ദേഹമാസകലം പരിക്കേറ്റ തേർഡ്ക്യാന്പ് മേച്ചേരാത്ത് ജിബിനെ(17) നെടുങ്കണ്ടം താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ജിബിന്റെ കൈപ്പത്തിക്ക് പൊട്ടലും സംഭവിച്ചിരുന്നു. നെടുങ്കണ്ടം സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറുടെ മകനാണ് പരിക്കേറ്റ ജിബിൻ.
താലുക്കാശുപത്രിയിൽ നെടുങ്കണ്ടം സ്റ്റേഷനിൽനിന്നും മൊഴിയെടുക്കാൻ പോലീസെത്തിയപ്പോൾ പരിക്കേറ്റ ജിബിനും ജിബിന്റെ പിതാവ് ജോസും കേസുമായി മുന്നോട്ടുപോകാൻ താത് പര്യമില്ലെന്ന് മൊഴിനൽകി. ഇതോടെ നെടുങ്കണ്ടം പോലീസ് കേസ് രജിസ്റ്റർ ചെയ്തില്ല.
പ്രശ്നം പരിഹരിക്കണമെന്ന് പോലീസ് തലപ്പത്തുനിന്നും ലഭിച്ച നിർദേശത്തെതുടർന്നാണ് പരാതിക്കാർ കേസ് നടപടിയുമായി മുന്നോട്ടുപോകാൻ തയാറാകാതിരുന്നതെന്നാണ് പറയുന്നത്.
ലോക്ക് ഡൗണ് കാലത്ത് അനാവശ്യമായി പുറത്തിറങ്ങിയെന്നാരോപിച്ചാണു സിഐ, ജിബിന്റെ ഇടത് കൈപ്പത്തിയിലും ശരീര ഭാഗങ്ങളിലും ലാത്തിക്കടിച്ചത്. ലാത്തികൊണ്ടുള്ള അടിയിൽ ജിബിന്റെ പോക്കറ്റിൽകിടന്ന മൊബൈൽ ഫോണും തകർന്നു. ബുധനാഴ്ച രാവിലെ 11.30്-ന് ബാലഗ്രാമിനുസമീപം തേർഡ്ക്യാന്പിലാണ് സംഭവം.
മുഖാവരണം ധരിച്ച് തനിച്ച് കടയിലേക്ക് നടന്നുപോകുന്പോൾ അതുവഴിയെത്തിയ കന്പംമെട്ട് സിഐയും സംഘവും ജിബിനെ തടഞ്ഞുനിർത്തി ചോദ്യംചെയ്തു.
കടയിലേക്ക് പോവുകയാണെന്നു പറഞ്ഞ് സാധനങ്ങളുടെ ലിസ്റ്റും പണവും സിഐയെ കാണിച്ചപ്പോൾ കള്ളം പറയുകയാണെന്നു പറഞ്ഞ് ആദ്യം ലാത്തിക്ക് തുടയ്ക്ക് അടിക്കുകയായിരുന്നെന്ന് ജിബിൻ പറഞ്ഞിരുന്നു.
തിരിഞ്ഞുനടക്കാൻ തുടങ്ങിയപ്പോൾ രണ്ടു കൈകളിലും ഇടത്തെ കാലിന്റെ മുട്ടിനു താഴെയും സിഐ വീണ്ടും അടിച്ചു. തുടർന്ന് അസഭ്യംപറഞ്ഞ് വീട്ടിലേക്ക് ഓടാൻ ആക്രോശിച്ചശേഷം സിഐ ജീപ്പിൽകയറി പോയതായും ജിബിൻ പറഞ്ഞിരുന്നു.