ഹൈദരാബാദ്: തെലുങ്കാനയിലെ മൂന്ന് ജില്ലകളിലായി മൊബൈൽ ഫോൺ മോഷണ പരന്പരകൾ നടത്തിയ സംഘത്തിന്റെ തലവൻ പോലീസ് കോൺസ്റ്റബിളെന്ന് തെളിഞ്ഞു.
പോക്കറ്റടി സംഘത്തെ നിയന്ത്രിച്ചിരുന്ന ഈശ്വർ പ്രസാദ്(35) എന്ന ഉദ്യോഗസ്ഥനെ പോലീസ് അറസ്റ്റ് ചെയ്തു.
സെരിലിംഗന്പള്ളി മേഖലയിൽ ടാസ്ക് ഫോഴ്സ് ഉദ്യോഗസ്ഥനായി ഡ്യൂട്ടി നിർവഹിക്കുന്ന പ്രസാദ്, പ്രായപൂർത്തിയാകാത്ത മൂന്ന് പേരുൾപ്പെടെ ഒന്പത് സ്ഥിരം പോക്കറ്റടിക്കാരുടെ സംഘത്തിന്റെ തലവനായി മാസങ്ങളായി പ്രവർത്തിച്ച് വരികയാണ്.
ഹൈദരാബാദിൽ ജോലി ചെയ്യവേ പരിചയപ്പെട്ട കുറ്റവാളികളെ തലസ്ഥാന നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും നൽഗോണ്ട, മിരിയാലഗുഡ, സൂര്യപേട്ട് മേഖലകളിലും വിന്യസിച്ച പ്രസാദ്, വിപുലമായ രീതിയിൽ മോഷണം നടത്താൻ ഇവരെ പ്രേരിപ്പിച്ചിരുന്നു.
നൽഗോണ്ട ടൗൺ സ്റ്റേഷനിൽ ലഭിച്ച ഫോൺ മോഷണ പരാതിയിൽ കസ്റ്റഡിയിലെടുത്ത പ്രായപൂർത്തിയാവാത്ത രണ്ട് പ്രതികൾ നൽകിയ വിവരമനുസരിച്ചാണ് പ്രസാദിനെ അറസ്റ്റ് ചെയ്തത്.
മോഷണ സംഘത്തിന് നേതൃത്വം നൽകിയ ഇയാൾ ഫോൺ വിറ്റ് ലഭിക്കുന്ന പണത്തിന്റെ ഓഹരി മോഷ്ടാക്കൾക്ക് വീതം വച്ച് നൽകുന്ന രീതിയാണ് അവലംബിച്ചിരുന്നത്.
കുട്ടികളെ ഉപയോഗിച്ച് കുറ്റകൃത്യങ്ങൾക്ക് നേതൃത്വം നൽകിയ പ്രസാദിനെതിരെ ക്രിമിനൽ ഗൂഢാലോചന അടക്കമുള്ള വകുപ്പുകൾ ചുമത്തിയതായും ഒളിവിൽ പോയ ഏഴ് പ്രതികളെ ഉടൻ പിടികൂടുമെന്നും പോലീസ് അറിയിച്ചു.