ഇരിട്ടി: ഇരിട്ടി ടൗണില്‍ റവന്യുഭൂമി കൈയ്യേറി നിര്‍മിച്ച കെട്ടിടഭാഗങ്ങള്‍ റവന്യു അധികൃതര്‍ പൊളിച്ചുനീക്കി തുടങ്ങി. അഡീഷണൽ തഹസിൽദാർ എം. മേരിയുടെ നേതൃത്വത്തില്‍ റവന്യു സംഘവും പോലീസ് – ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരും സ്ഥലത്തുണ്ട്. കരാറുകാരുടെ ജെസിബി ഉപയോഗിച്ചാണ് പൊളിച്ച് നീക്കുന്നത്.
ഇരിട്ടി ടൗണില്‍ ഒരു വിഭാഗം കെട്ടിട ഉടമകള്‍ കൈയ്യേറ്റ ഭാഗങ്ങള്‍ പൊളിച്ച് നീക്കാത്തതിനാല്‍ തലശേരി – വളവുപാറ റോഡ് വികസനം പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ല. പലതവണ അധികൃതര്‍ ആവശ്യപ്പെട്ടെങ്കിലും കോടതിയില്‍ പോയി കെട്ടിടം പൊളിക്കുന്നതിനെതിരെ 22 കെട്ടിട ഉടമകള്‍ സ്റ്റേ വാങ്ങിയിരുന്നു.
സ്റ്റേ ഹൈക്കോടതി നീക്കിയതിനെ തുടര്‍ന്നാണ് നടപടി. കഴിഞ്ഞ തവണ അഞ്ച് കെട്ടിട ഭാഗങ്ങള്‍ റവന്യു അധികൃതര്‍ ജെസിബി ഉപയോഗിച്ച് പൊളിച്ചു നീക്കിയിരുന്നു. പതിനഞ്ചോളം കെട്ടിട ഉടമകള്‍ മാത്രമാണ് ഇനിയും പൊളിച്ച് നീക്കാത്തത്. ഇതുകാരണം കരാറുകാര്‍ ഓവുചാല്‍ നിര്‍മാണം നിർത്തിവച്ചിരിക്കുകയാണ്.
ഓവുചാല്‍ നിര്‍മാണം പൂര്‍ത്തിയായാല്‍ മാത്രമെ ബാക്കി റോഡ് നിര്‍മാണം നടക്കുകയുള്ളു. ഭൂരിപക്ഷം വ്യാപാരികളും കെട്ടിടഭാഗങ്ങള്‍ മാസങ്ങള്‍ക്ക് മുമ്പ് തന്നെ പൊളിച്ച് നീക്കിവികസനവുമായി സഹകരിച്ചിരുന്നു.