സ്വന്തം ലേഖകൻ
തിരുവില്വാമല: ലക്ഷങ്ങൾ ചെലവിട്ടു പഞ്ചായത്ത് പണിത കൈവരിയും മറ്റും ഇടിച്ചുതകർത്തു പിഡബ്ല്യുഡിയുടെ അതിക്രമം. മാസങ്ങൾക്കു മുൻപ് തിരുവില്വാമല പാന്പാടി സെന്ററിൽ ടൗണ്‍ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി 10 ലക്ഷം രൂപ ചെലവിൽ ചെയ്ത നവീകരണ പ്രവർത്തനങ്ങളാണ് റോഡ് പണിയോടനുബന്ധിച്ച് പിഡബ്ല്യുഡി അധികൃതർ പൊളിച്ചു മാറ്റിയിരിക്കുന്നത് .
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനു തൊട്ടു മുൻപാണ് പാന്പാടി സെന്ററിൽ ചെക്ക്ഡാമിലേക്കുള്ള റോഡരുകിലെ കൈവരിയും അതിനോടു ചേർന്ന് ടൈൽസ് പാകിയും മറ്റു പണികൾ ചെയ്ത് ഭംഗിയാക്കി ഉദ്ഘാടനം നടത്തിയത്.
റോഡിനോടു ചേർന്ന് പാകിയ ടൈൽസുകളാണ് ഇപ്പോൾ റോഡ് വീതികൂട്ടുന്നതിന്റെ ഭാഗമായി ജെസിബി ഉപയോഗിച്ച് പൊളിച്ച് നീക്കിയത്. ലക്ഷങ്ങൾ ചെലവിട്ട് നിർമിച്ചു മാസങ്ങൾക്കുള്ളിൽ അതെല്ലാം പൊളിച്ചു കളഞ്ഞ പിഡബ്ല്യുഡിയുടെ നടപടിക്കെതിരെ നാട്ടുകാർ പരാതിപ്പെട്ടെങ്കിലും ഫലമുണ്ടായില്ല.
അധികം ആദ്യം ശ്രദ്ധിക്കപ്പെടാതെ കിടന്നിരുന്ന ഈ സ്ഥലം സൗന്ദര്യവത്കരണത്തിന്റെ ഭാഗമായാണ് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നവീകരിച്ച് മോടി പിടിപ്പിച്ചത്.
ചെക്ക്ഡാമിലേക്കുള്ള റോഡിന്റെ ഇരുവശങ്ങളിലും പാകിയ ടൈൽസുകൾ പിഴുതു മാറ്റിയ നിലയിലാണ് ഇപ്പോൾ. മാസങ്ങൾക്കുമുന്‍പ് നവീകരണ പ്രവൃത്തികൾ പിഡബ്ല്യുഡി അധികൃതരുടെ അനുമതിയോടെയാണ് ചെയ്തതെന്ന് മുൻ പഞ്ചായത്തംഗം കെ.ആർ. മനോജ് കുമാർ പറഞ്ഞു.
നിർമിച്ചതെല്ലാം വെട്ടിപ്പൊളിക്കുമെന്ന് അധികൃതർ അന്ന് പറഞ്ഞിരുന്നുവെങ്കിൽ ലക്ഷങ്ങൾ ചെലവഴിച്ച് ഇതു ചെയ്യില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ലക്ഷങ്ങളുടെ ഫണ്ട് നഷ്ടമാക്കിയതിൽ നാട്ടുകാർക്കിടയിൽ വ്യാപക പ്രതിഷേധമുയർന്നിട്ടുണ്ട്.