തുറവൂർ: ദേശീയപാതയോരത്തെ അനധികൃത കയ്യേറ്റങ്ങൾ പൊളിച്ചുനീക്കി തുടങ്ങി. കഴിഞ്ഞ ദിവസങ്ങളിൽ അനധികൃത ഷെഡുകൾക്കും, കച്ചവട സ്ഥാപനങ്ങൾക്കും, പെട്ടിക്കടകൾക്കും ദേശീയ പാത വിഭാഗം പൊളിച്ചു നീക്കാൻ നോട്ടീസ് നൽകിയിരുന്നു. കൂടാതെ ഇരുപതാം തിയതിക്കു മുന്പായി പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് മൈക്ക് പ്രചാരണവും നടത്തിയിരുന്നു. ഇതേ തുടർന്നാണ് കട ഉടമകൾ സ്വയം കടകൾ പൊളിച്ചുതുടങ്ങിയത്.
ചേർത്തല മുതൽ അരൂർ വരെ നൂറു കണക്കിന് കടകളാണ് ദേശീയ പാതയോരം കയ്യേറി അനധികൃതമായി നിർമിച്ചിരിക്കുന്നത്. ചില കടകൾ വാഹനാപകടങ്ങൾ ഉണ്ടാക്കുന്ന വിധമാണ് സ്ഥിതി ചെയ്യുന്നത്. ചില സ്ഥലങ്ങളിൽ കാൽനട യാത്ര പോലും തടസപ്പെടുത്തിയാണ് കൈയ്യേറ്റം. കടകളുടെ മുൻവശം വാഹനങ്ങൾ പാർക്ക് ചെയ്യുന്നതു മുലം തുറവുർ കവലയിലെ ബസ് സ്റ്റോപ്പിൽ വൈകുന്നേരങ്ങളിൽ ബസുകൾ നിർത്തുന്നതിനും യാത്രക്കാരെ കയറ്റുന്നതിനും ഇറക്കുന്നതിനും തടസം നേരിടുന്നുണ്ട്.
ഒട്ടുമിക്ക കടകളും ലൈസൻസോ മറ്റു അംഗീകാരമോ ഇല്ലാതെയാണ് പ്രവർത്തിക്കുന്നത്. മാസങ്ങൾക്ക് മുന്പ് ചേർത്തല മുതൽ അരൂർ വരേയുള്ള അനധികൃത കൈയ്യേറ്റങ്ങൾ പൊളിച്ചു നീക്കിയിരുന്നു. എന്നാൽ ഒരാഴ്ചക്കള്ളിൽ തന്നെ പൊളിച്ച കടകൾ അതേ സ്ഥാനത്ത് വീണ്ടും നിർമിക്കപ്പെട്ടു.
പത്രവാർത്തകൾ ഉണ്ടാകുന്പോൾ പൊതുമരാമത്ത് വിഭാഗം ഉദ്യോഗസ്ഥർ ഒരു പൊളിക്കൽ പ്രഹസനം നടത്തുകയാണെന്നും അടുത്ത ദിവസം കടയുടമകളിൽ നിന്ന് പണം വാങ്ങി അതേ സ്ഥാനത്ത് കട വീണ്ടും നിർമിക്കുവാൻ അനുമതിയും നൽകുന്നുവെന്നും ആക്ഷേപമുണ്ട്.