മൈസൂരു: വോട്ട് ചെയ്യാൻ ജനങ്ങളെ ഓർമിപ്പിക്കാൻ പുതിയ മാർഗവുമായി മൈസൂരു ജില്ലാ ഭരണകൂടം. മൈസൂരുവിൽ വിതരണം ചെയ്യുന്ന പാൽ കവറിൽ തെരഞ്ഞെടുപ്പ് തീയതി അച്ചടിച്ചാണ് വോട്ടർമാരെ ഓർമപ്പെടുത്തുന്നത്. കർണാടക മിൽക്ക് ഫെഡറേഷനും മൈസൂരു മിൽക്ക് യൂണിയൻ ലിമിറ്റഡും വിതരണം ചെയ്യുന്ന പാൽ കവറിൽ കന്നഡ ഭാഷയിലാണ് തീയതി അച്ചടിച്ചിരിക്കുന്നത്.
സൗത്ത് കർണാടകയിൽ വിതരണം ചെയ്യുന്ന പാൽ കവറിനു മുകളിൽ തെരഞ്ഞെടുപ്പ് ഏപ്രിൽ 18 എന്നും ബാക്കി സ്ഥലങ്ങളിലെ പാൽ കവറിനു മുകളിൽ തെരഞ്ഞെടുപ്പ് ഏപ്രിൽ 23 എന്നുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പാലിനു പുറമേ തൈര് കവറിലും തീയതി രേഖപ്പെടുത്തിയിട്ടുണ്ട്. തീയതി കൂടാതെ വോട്ടർമാർക്ക് ഓരോ ദിവസവും വിവിധ സന്ദേശങ്ങളും കവറിൽ രേഖപ്പെടുത്തുണ്ട്. സിസ്റ്റമാറ്റിക് വോട്ടർ എഡ്യുക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ (സ്വീപ്) ഓഫീസർമാർക്കാണ് ഇതിന്റെ ചുമതല.
മൈസൂരുവിൽ കർണാടക മിൽക്ക് ഫെഡറേഷൻ 38 ലക്ഷം പാക്കറ്റ് പാലും മൈസൂരു മിൽക്ക് യൂണിയൻ ലിമിറ്റഡ് ഏഴുലക്ഷം പാക്കറ്റ് പാലും ദിവസേന വിതരണം ചെയ്യുന്നുണ്ട്. തെരഞ്ഞെടുപ്പ് തീയതി ഓർമപ്പെടുത്തുന്നതിലൂടെ വോട്ടിംഗ് ശതമാനം ഉയർത്താനാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ വർഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും പാൽ കവറുകളിൽ തീയതി രേഖപ്പെടുത്തിയിരുന്നു. ഇത് വിജയമെന്ന് കണ്ടതോടെയാണ് ലോക്സഭാ തെരഞ്ഞെടുപ്പിലും നടപ്പാക്കുന്നത്.